തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 18ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങളുണ്ടാക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതാനാൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാകാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവരും ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
imd issues heavy rainfall across kerala today orange and yellow alert details latest weather