എഐ ക്യാമറയുടെ കണ്ണുവെട്ടിയ്ക്കാൻ പൊടിക്കൈ, എന്നിട്ടും രക്ഷയില്ല; മൂന്ന് ബൈക്കുകൾ പിടിച്ചെടുത്ത് എംവിഡി



കൊല്ലം: എഐ ക്യാമറയുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി നമ്പർ പ്ലേറ്റുകൾ മറച്ച് ഉപയോഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങൾ കൊല്ലം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. കൊല്ലത്ത് പുതുതായി സ്ഥാപിച്ച AI ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നത്. ചെമ്മക്കാട് ഓവർ ബ്രിഡ്ജിന് സമീപം വാഹന പരിശോധന നടത്തവെ  മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയും പുറകുവശത്ത് നമ്പർ പ്ലേറ്റ് ഉള്ളിലേക്ക് മടക്കിവെച്ചും നമ്പർ പ്ലേറ്റ് മാസ്ക് വെച്ച് മറച്ചുവെച്ച നിലയിലും കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. വാഹനം അഞ്ചാലുംമൂട് പൊലീസിന് കൈമാറി.
മറ്റൊരു ബൈക്ക് നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത നിലയിൽ സൈലൻസർ മാറ്റിവെച്ച് അമിത ശബ്ദം പുറപ്പെടുവിച്ച് ഓടിച്ചതിനാണ് പിടികൂടിയത്. പുറകിൽ നമ്പർ പ്രദർശിപ്പിക്കാത്ത മറ്റൊരു ബൈക്കും പിടിച്ചെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ.കുഞ്ഞുമോൻ എഎംവിഐമാരായ ലീജേഷ്. വി , ബിജോയ്. വി , റോബിൻ മെൻഡസ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു. വാഹന ഉടമകൾ ബോധപൂർവം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയും നമ്പർ പ്ലേറ്റ് പൂർണമായും ഭാഗികമായും മറച്ചുവെച്ചും വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്തുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ ശ്രീ. എച്ച് അൻസാരി അറിയിച്ചു. 

അതേസമയം, റോഡ് ക്യാമറ പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ഹൈക്കോടതി നിർദേശം. കോടതി നിർദേശം  സര്‍ക്കാരിന് തിരിച്ചടിയാണ്.

mvd seized two wheeler tampering number plate from hide ai camera
Previous Post Next Post

RECENT NEWS