കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ചുണ്ടുകളിലെ ഇരുണ്ട നിറമകറ്റാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം...



നിരവധി ​ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് നല്ലതാണ്. ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും. 
കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും. 

ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാനും ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ക്ക് ഏറെ ഗുണം ചെയ്യും. 


അതുപോലെ തന്നെ, മുഖത്തെ ചുളിവുകൾ മാറാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. ഇതിനായി ഒരു ബീറ്റ്റൂട്ട് അരച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര്, കുറച്ച് ആല്‍മണ്ട് ഓയിൽ എന്നിവ ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

home remedies to get rid of dark circles and chapped lips with beetroot
Previous Post Next Post

RECENT NEWS