സന്തോഷവാർത്ത! ഇനി വണ്ടി സ്റ്റാർട്ട് ചെയ്തോളൂ.. വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ പകുതിയാക്കി കുറച്ചു!തിരുവനന്തപുരം: വാഗമണിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് കയറുന്നതിനുള്ള എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീ 500 രൂപയായിരുന്നു. എന്നാൽ അത് നേർ പകുതിയാക്കി 250 രൂപയാക്കി മാറ്റിയെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരിട്ടും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ ഫീസ് കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് മന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. 
കുറിപ്പിങ്ങനെ...

എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. 

ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

വാ​ഗമണ്ണിലെ കോലാഹലമേട്ടില്‍ നിർമിച്ച ​ഗ്ലാസ് ബ്രിഡ്ജ്  അടുത്തിടെയാണ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ​ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ​ഗ്ലാസ് ബ്രിഡ്ജിൽനിന്നുള്ള കാഴ്ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. 


വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 120 അടിയാണ് നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശിക്കാം. 

വാ​ഗമണ്ണിലേ ​ഗ്ലാസ് ബ്രിഡ്ജ് തുറന്നതോടെ കാന്റിലിവര്‍ മോഡലിലുള്ള ബീഹാറിലെ 80 മീറ്റര്‍ നീളമുള്ള ​ഗ്ലാസ് ബ്രിഡ്ജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡിറ്റിപിസി സെന്ററുകളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്നും അഡ്വന്‍ചര്‍ പാര്‍ക്കും. ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്.


Hurry up Wagamon Glass Bridge entry fee cut in half
Previous Post Next Post

RECENT NEWS