ആലപ്പുഴ: സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും സ്‌കൂളുകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ജെസിം നൗഷാദ് (26) ആണ് പൊലീസിന്റെ പിടിയിലായത്. ആയാപറമ്പ് ഹൈസ്‌കൂളിലും, പത്തിയൂര്‍ ഹൈസ്‌കൂളിലും, വെട്ടിയാര്‍ ടിഎം വര്‍ഗീസ് സ്‌കൂളിലും വീടുകളിലും മോഷണം നടത്തിയ ശേഷം മുങ്ങിയ നൗഷാദിനെ വിദഗ്ദമായാണ് കേരളാ പൊലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'സെപ്തംബര്‍ 22ന് തമിഴ്നാട്ടില്‍ നിന്ന് ബന്ധുവിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കേരളത്തിലേക്ക് കടന്ന ജെസിം പത്തനംതിട്ട ജില്ലയിലും, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മോഷണം നടത്തി തമിഴ്നാട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് സെപ്തംബര്‍ 26ന് ആയാപറമ്പ് സ്‌കൂള്‍ കുത്തി തുറന്നു ഡിജിറ്റല്‍ ക്യാമറയും ബ്ലൂടൂത്ത് സ്പീക്കറും പണവും മോഷ്ടിച്ച ജെസിം, പത്തനംതിട്ടയിലുള്ള സുഹൃത്തായ ഷാജഹാന്റെ വീട്ടില്‍ രണ്ട് ദിവസം താമസിച്ചു. തമിഴ്നാട്ടില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍ ഷാജഹാന്റെ വീട്ടില്‍ ഉപേക്ഷിച്ചശേഷം ഷാജഹാന്റെ ബുള്ളറ്റും മൊബൈല്‍ ഫോണും മോഷ്ടിച്ചു. സെപ്തംബര്‍ 29ന് പത്തിയൂര്‍ ഹൈസ്‌കൂളില്‍ കയറി ഓഫീസ് റൂമിന്റെ ലോക്ക് തകര്‍ത്തു ഡിജിറ്റല്‍ ക്യാമറയും, പണവും മോഷണം നടത്തി. പകല്‍ സമയങ്ങളില്‍ ബീച്ചിലും മറ്റും സമയം ചിലവഴിച്ച പ്രതി 30ന് വെട്ടിയാര്‍ ടി എം വര്‍ഗീസ് സ്‌കൂളില്‍നിന്നും 67,000 രൂപയും, സിസി ടിവി ക്യാമറ, ഡിവിആര്‍ എന്നിവയും മോഷ്ടിച്ചു.'
സംസ്ഥാനത്തെ മോഷണങ്ങള്‍ക്ക് ശേഷം പൊലീസ് അന്വേഷിക്കുന്നത് മനസിലാക്കിയ ജെസിം തമിഴ്നാട് ആറ്റാങ്കര പള്ളിവാസലിലേക്ക് കടന്നു. പിന്നീട് കന്യാകുമാരി ഇരനിയേല്‍ പ്രദേശത്ത് വീടുകളിലും സ്‌കൂളിലും മോഷണം നടത്തി ബൈക്ക് മാര്‍ത്താണ്ഡത്ത് ഉപേക്ഷിച്ച ശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് കേരളത്തിലും, തമിഴ്നാട്ടിലുമായി അന്വേഷണം നടത്തി. പൊലീസ് പിന്‍തുടരുന്നത് മനസിലാക്കിയ പ്രതി തന്റെ വീട്ടിലേക്കു വരികയോ വീട്ടിലുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്യില്ലായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തില്‍ നിന്നും പ്രതി രാമേശ്വരത്ത് ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ടീം പല ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവില്‍ മധുര റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് വച്ച് മോഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനിടയില്‍ പിടികൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തില്‍ കരീലകുളങ്ങര ഐഎസ്എച്ച്ഒ ഏലിയാസ് പി ജോര്‍ജ്, വിയപുരം ഐഎസ്എച്ച്ഒ മനു, കരീലകുളങ്ങര എസ്‌ഐ അഭിലാഷ് എംപി, എസ് സി പി ഒ സജീവ്കുമാര്‍ ജി, സിപിഒ ഷമീര്‍ എസ് മുഹമ്മദ്, കായംകുളം സ്റ്റേഷന്‍ സിപിഒ ഷാജഹാന്‍ കെഇ, ജില്ലാ ഡാന്‍സാഫ് ടീം സിപിഒമാരായ മണിക്കുട്ടന്‍ വി, ഇയാസ് ഇ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Theft at kerala Schools tamil nadu native arrested