വീഡിയോ കോളിലൂടെ കെണി; ഡോക്ടർക്ക് ഒറ്റയടിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ, മണിക്കൂറുകളോളം വഴിയിൽ നിർത്തി വിരട്ടി



കല്‍പ്പറ്റ: സിബിഐ ചമഞ്ഞുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍പ്പെട്ട് വയനാട്ടിലെ ഡോക്ടര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ശനിയാഴ്ചയാണ് ഡോക്ടറുടെ പരാതിയില്‍ വയനാട് സൈബര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ എംഡിഎംഎയും വ്യാജ സിം കാര്‍ഡുകളും പാസ്പോര്‍ട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താല്‍ പാഴ്‌സല്‍ സിംഗപ്പൂരില്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും ഡോക്ടറെ ജൂലൈ മൂന്നിന് ഫോണില്‍ വിളിച്ച് തട്ടിപ്പ് സംഘം അറിയിക്കുകയായിരുന്നു. 

സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പിന്നീട് പോലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്ത്, ഡോക്ടറുടെ ഉപയോഗിക്കാത്ത  അക്കൗണ്ടിലേക്ക് 138 കോടി രൂപ അവയവക്കടത്ത് കേസിലെ പ്രതിയില്‍ നിന്നും കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിങ്ങള്‍ നിരപരാധിയാണെന്ന് തോന്നുന്നുവെന്ന് അറിയിച്ച സംഘം അക്കൗണ്ട് ലീഗലൈസേഷന്‍ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 
ലീഗലൈസേഷന്‍ പ്രോസസ് തീരുന്നത് വരെ അനങ്ങാന്‍ പാടില്ലെന്നും പറഞ്ഞതായി ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ച ഡോക്ടര്‍ അഞ്ച് ലക്ഷം രൂപ അയക്കുകയും മണിക്കൂറുകളോളം റോഡില്‍ തന്നെ നില്‍ക്കുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമാകുന്നതും സ്റ്റേഷനില്‍ പോലീസിനെ പരാതിയുമായി സമീപിക്കുന്നതും. 

അതേ സമയം ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ ടോള്‍ ഫ്രീ നമ്പരായ 1930 ല്‍ വിളിക്കണമെന്നും പൊലീസ് അറിയിച്ചു. സ്റ്റേഷനില്‍ നേരിട്ട് വന്നും പരാതി നല്‍കാമെന്ന് ജില്ല പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.

doctor lost 5 lakh rupees in a trap set up through a video call in wayanad pretending as some officials
Previous Post Next Post

RECENT NEWS