കൂറ്റൻ യന്ത്ര സാമഗ്രികളുമായി വന്ന ട്രെയ്‌ലറുകൾ; കോഴിക്കോട് പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലും പൊലീസ് തടഞ്ഞു, വഴിയിലായിട്ട് ഒരു മാസം

താമരശ്ശേരി∙ ചെന്നൈയിൽ നിന്ന് കർണാടകയിലെ നഞ്ചൻഗോഡിലേക്ക് കൂറ്റൻ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്‌ലറുകൾ അടിവാരത്ത് കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും അവ്യക്ത തുടരുന്നു. ഡ്രൈവർമാർ ഉൾപ്പെടെ പതിനാലോളം പേർ അധികൃതരുടെ അനുമതിയും പ്രതീക്ഷിച്ച് ട്രെയ്‌ലറുകളുടെ കൂട്ടിരുപ്പുകാരായി ദേശീയ പാതയോരത്ത് ദിവസങ്ങൾ തള്ളി നീക്കുന്നു. കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികളുമായി വന്ന ട്രെയ്‌ലറുകൾ കഴിഞ്ഞ മാസം 10 നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് ദേശീയ പാതയിൽ താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി പൊലീസ് തടഞ്ഞിട്ടത്.

Read also

ചുരം ഒഴിവാക്കി കൊയിലാണ്ടി മംഗലാപുരം വഴി കടന്നു പോകാൻ നിർദേശിച്ചെങ്കിലും മൂരാട് പാലം വഴി ഈ ട്രെയ്‌ലറുകൾ കടന്നു പോകാത്ത സാഹചര്യത്തിൽ ബദൽ മാർഗം ഇല്ലാതെ ട്രെയ്‌ലറുകളും ജീവനക്കാരും ഒരു പോലെ പെരുവഴിയിലാവുകയായിരുന്നു. മേൽപാലും റോഡിനു മുകളിലൂടെയുള്ള റെയിൽ പാളവും മറ്റും കാരണം ചെന്നൈ–ബെംഗളൂരു വഴി പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് ചെന്നൈ, പാലക്കാട്, കോഴിക്കോട് വയനാട് വഴി തിരഞ്ഞെടുത്തതെന്ന് സംഘത്തിലെ മുതിർന്ന ഡ്രൈവർ സാമിനാഥൻ പറഞ്ഞു.

റൂട്ട് പരിശോധന നടത്തിയ ശേഷമാണ് ഇതു വഴി വന്നതെന്നും രാത്രിയിൽ രണ്ട് മണിക്കൂർ കൊണ്ട് ചുരം കയറ്റി കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ഹർത്താൽ ദിവസം അനുമതി തേടിയെന്നും കിട്ടിയിരുന്നെങ്കിൽ അന്നു തന്നെ നഞ്ചൻഗോഡ് എത്താൻ കഴിയുമായിരുന്നുവെന്നും സാമിനാഥൻ പറഞ്ഞു. കമ്പനി അധികൃതർ ഇടപെട്ട് അടുത്ത ദിവസം തന്നെ അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവിടെ മഞ്ഞു മഴയും കൊണ്ട് കഴിയുന്ന ജീവനക്കാർ.

കഴിഞ്ഞ ജൂലൈ 21 നാണ് സാമിനാഥന്റെ നേതൃത്വത്തിൽ ട്രെയ്‌ലറുകളുമായി ചെന്നൈയിൽ നിന്ന് പുറപ്പെട്ടത്. താമരശ്ശേരി പൊലീസ് ചുരം യാത്ര തടഞ്ഞതോടെ അടിവാരം ബസ്‌ സ്റ്റാൻഡിനടുത്ത് ദേശീയ പാതയോരത്ത് നിർത്തിയിട്ടിരിക്കുകയാണ് ഇപ്പോൾ ഇരു വാഹനങ്ങളും. യന്ത്രങ്ങൾ എത്തിക്കുന്നതിന് കരാർ എടുത്ത ട്രാൻസ്പോർട്ട് കമ്പനി അധികൃതർ ചെലവിനുള്ള പണം എത്തിച്ചു നൽകുന്നതുമൂലമാണ് ഇവിടെ കഴിഞ്ഞു കൂടുന്നതെന്നും സംഘത്തിലെ മലയാളികൂടിയായ സാമിനാഥൻ പറഞ്ഞു.
Previous Post Next Post

RECENT NEWS