വാഹനത്തിന് പച്ചതെളിഞ്ഞാലും സീബ്രാ ക്രോസില്‍ നടത്തം; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ



തിരുവനന്തപുരം:സീബ്രാ ക്രോസിങ്ങുകളിലൂടെ ഏതുസമയത്തും റോഡ് മുറിച്ചുകടക്കുന്നവര്‍ക്കും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവര്‍ക്കുമെതിരേ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വാഹനങ്ങള്‍ക്ക് പോകുന്നതിനായി പച്ചലൈറ്റ് കത്തുമ്പോള്‍ത്തന്നെ റോഡ് മുറിച്ചുകടക്കുന്നത് സാധാരണ കാഴ്ചയാണ്.
സീബ്രാ ക്രോസിങ്ങുകളില്‍ക്കൂടി ഏതുസമയത്തും റോഡ് മുറിച്ചുകടക്കാമെന്നാണ് ചിലരുടെ ധാരണയെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. എല്ലാതരം വാഹനങ്ങള്‍ ഓടിക്കുന്നവരും കാല്‍നടയാത്രക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം. അതേസമയം ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുന്നതില്‍ കാല്‍നടയാത്രക്കാരും ഒട്ടും പിറകിലല്ല. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് കമ്മിഷന്‍ ഉത്തരവ് നല്‍കിയത്.

അലക്ഷ്യമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഉത്തമമായ ട്രാഫിക് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ബോധവത്കരണം നടത്തണം. കോഴിക്കോട് നഗരത്തിലെ വണ്‍വേ ലംഘനം, ഹൈബീം ഉപയോഗം, അതിവേഗം തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ച് രജിസ്റ്റര്‍ചെയ്ത കേസിലാണ് ഉത്തരവ്.

ഇരുചക്രവാഹനങ്ങള്‍ കൂട്ടിമുട്ടി മരണം സംഭവിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ ഇത് സാധാരണ വാര്‍ത്തയായിമാറിയിരിക്കുന്നു. അനിയന്ത്രിതമായ വേഗവും നഗ്‌നമായ നിയമലംഘനവും അക്ഷമയും ട്രാഫിക് സംസ്‌കാരത്തിന്റെ അഭാവവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നും കമ്മിഷന്‍ വിലയിരുത്തി.

Walking on a zebra cross even if the vehicle has a green light; Human Rights Commission calls for action
Previous Post Next Post

RECENT NEWS