ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ



ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് അവ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐ.എസ്.ആർ.ഒ.) ലഭ്യമാക്കിയ ഉപഗ്രഹാധിഷ്ഠിതവിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്‍രി ഗഡ്‍വാൾ എന്നിവയാണ് ഉരുൾപൊട്ടൽ ഭീഷണിയുള്ള ജില്ലകളിൽ ആദ്യ രണ്ടുസ്ഥാനങ്ങളിൽ. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററാണ് ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങൾ വിശകലനംചെയ്ത് പട്ടിക തയ്യാറാക്കിയത്. 17 സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളിലുമായി 147 ജില്ലകളെയാണ് സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവയിൽ 13 ജില്ലകൾ ഉത്തരാഖണ്ഡിലാണ്.

ആദ്യപത്തിൽ കേരളത്തിൽനിന്ന് നാലും ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, സിക്കിം സംസ്ഥാനങ്ങളിൽനിന്ന് രണ്ടുവീതവും ജില്ലകളാണുള്ളത്. തൃശ്ശൂർ(മൂന്ന്), പാലക്കാട്(അഞ്ച്), മലപ്പുറം(ഏഴ്), കോഴിക്കോട്(10) എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജില്ലകളുടെ സ്ഥാനം. ഈ നാലുജില്ലയും പ്രളയഭീഷണി നിലനിൽക്കുന്നവയാണെന്നും പഠനറിപ്പോർട്ട് പറയുന്നു. ഹിമാലയം കഴിഞ്ഞാൽ പശ്ചിമഘട്ടനിരയിലാണ് കഴിഞ്ഞ കുറെക്കാലത്തിനിടെ വൻവികസനപ്രവർത്തനം നടന്നത്. ഇതുതന്നെയാണ് ഈ ഭാഗത്ത് ഉരുൾപൊട്ടൽ ഭീഷണി ഉയരാനിടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.


ഭൂമി ഇടിഞ്ഞുതാഴലിനെത്തുടർന്ന് വൻ ആശങ്കയുയർന്ന ജോഷിമഠ് പട്ടണം സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ ചമോലി ജില്ല പട്ടികയിൽ 19-ാംസ്ഥാനത്താണ്.

ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള സ്ഥലങ്ങളുടെ കാര്യത്തിൽ കേരളമാണ് ദക്ഷിണേന്ത്യയിൽ മുന്നിൽ. ഇത്തരം 6039 സ്ഥലങ്ങളാണ് സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ളത്. രാജ്യത്ത് മിസോറമിലാണ് കൂടുതൽ സ്ഥലങ്ങൾ; 12,385 എണ്ണം. ഉത്തരാഖണ്ഡ് (11,219), ജമ്മുകശ്മീർ (7280) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളുടെ നില. 2000-2017 കാലത്തെ വിവരങ്ങളെ ആധാരമാക്കിയാണ് ഇത് തയ്യാറാക്കിയത്.

ലോകത്ത് ഉരുൾപൊട്ടൽഭീഷണിയുള്ള രാജ്യങ്ങളിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ 12.6 ശതമാനം ഭൂമിയും ഉരുൾപൊട്ടൽ സാധ്യതയുള്ളതാണെന്ന് പഠനം പറയുന്നു.
Four of the ten places with the highest risk of landslides in the country are in Kerala
Previous Post Next Post

RECENT NEWS