വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?മഞ്ചേരി:അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരിൽ അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്.
ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്

നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു. അപകടം സംഭവിച്ച ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടായിരുന്നതായി തീരത്തുള്ള ദൃക്സാക്ഷികൾ പറയുന്നു. വള്ളംകളി നടക്കുന്ന തൂവൽതീരത്തിനു സമീപത്തെ പൂരപ്പുഴയിലായിരുന്നു ദുരന്തം.

ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ചു പേർ പുഴയിലേക്കു ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്.അതിന്റെ പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോൾ ബോട്ട് തലകീഴായ് മറഞ്ഞതാകാമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട ബോട്ടിന് രണ്ടു തട്ടുകളുണ്ട്. ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേർ അതിനുള്ളിൽപ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ കൂട്ട രക്ഷാപ്രവർത്തനം

ബോട്ട് മറിഞ്ഞെന്ന വാർത്ത പരന്നതോടെ പൂരപ്പുഴയുടെ ഇരുവശത്തുമുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അപകടസ്ഥലത്തേക്ക് കുതിച്ചു. മത്സ്യബന്ധന ബോട്ടുകളുമായെത്തിയും അല്ലാതെയും ആദ്യം രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടതും അവർ തന്നെ.വെള്ളത്തിൽ വീണവരെ ആദ്യം രക്ഷിച്ച് കരയ്ക്കു കയറ്റി. വെളിച്ചക്കുറവിനെയും പുഴയിലെ ചെളിയെയും അവഗണിച്ച് നടന്ന രക്ഷാപ്രവർത്തനത്തിന് തുണയായതും മത്സ്യത്തൊഴിലാളികളുടെ പരിചയസമ്പത്തു തന്നെ.

പിന്നീട് ബോട്ട് ഉയർത്തി ആളുകളെ പുറത്തെടുക്കാനായി മത്സ്യത്തൊഴിലാളികൾ തന്നെയാണ് ശ്രമം തുടങ്ങിയത്. ഇതിനായി നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കൈകോർത്തു. പിന്നീട് മണ്ണുമാന്തി കൂടി എത്തിച്ചാണ് ബോട്ട് കരയ്ക്കടുപ്പിച്ചത്.രാത്രി വൈകിയും മത്സ്യത്തൊഴിലാളികളുടെയും മറ്റു സന്നദ്ധ സേവകരുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നേതൃത്വത്തിൽ പുഴയി‍ൽ തിരച്ചിൽ നടന്നു. അർധരാത്രി കഴിഞ്ഞ് 12.25ന് ഒരു കുട്ടിയുടെ മൃതദേഹം ചെളിയിൽ നിന്നു വീണ്ടെടുത്തത് ഈ തിരച്ചിലിനിടയിലാണ്.

കൂരിരിട്ടും രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മറിഞ്ഞു രണ്ടര മണിക്കൂറിനു ശേഷമാണു ബോട്ട് ഉയർത്താനായത്. രാത്രി ഒൻപതോടെയാണു ദുരന്തമേഖലയിൽ വെളിച്ചമെത്തിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. തീരത്തേക്കുള്ള ഇടുങ്ങിയ റോഡുകളും രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറച്ചു. ഒൻപതരയോടെയാണു ബോട്ട് ഉയർത്താനായത്.


രാവിലെ ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് തിരച്ചിൽ പുനരാരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘം പങ്കുവെച്ചു. അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പൊലിഞ്ഞത് 22 ജീവനുകൾ

അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.
താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍

1 ഹസ്ന (18) പരപ്പനങ്ങാടി
2 സഫ്ന (7) പരപ്പനങ്ങാടി
3 ഫാത്തിമ മിൻഹ(12)ഓലപ്പീടിക
4 സിദ്ധിക്ക്‌ (35) ഓലപ്പീടിക)
5 ജഴൽസിയ(40)പരപ്പനങ്ങാടി
6 അഫ്ലഹ് (7)പട്ടിക്കാട്
7 അൻഷിദ് (10) പട്ടിക്കാട്)
8 റസീന പരപ്പനങ്ങാടി
9 ഫൈസാൻ (4)ഓലപ്പീടിക
10 സബറുദ്ധീൻ (38) പരപ്പനങ്ങാടി
11 ഷംന (17)പുതിയ കടപ്പുറം
12 ഹാദി ഫാത്തിമ (7)മുണ്ടു പറമ്പ്
13 സഹറ ഓട്ടുംപുറം
14 നൈറ ഓട്ടുംപുറം
15 സഫ്ല ഷെറിൻ പരപ്പനങ്ങാടി
16 റുഷ്‌ദ പരപ്പനങ്ങാടി
17 ആദില ശെറി ചെട്ടിപ്പടി
18 അയിഷാബി ചെട്ടിപ്പടി
19 അർഷാൻ ചെട്ടിപ്പടി
20 അദ്നാൻ ചെട്ടിപ്പടി
21 സീനത്ത് (45 )ചെട്ടിപ്പടി
22 ജെറിർ (10) പരപ്പനങ്ങാടി

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.


വിളിച്ചു വരുത്തിയ ദുരന്തം

അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്

ബോട്ടു‌ടമക്കെതിരെ നരഹത്യക്ക് കേസ്

ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു.

22 dead as tourist boat capsizes in river off Tanur
Previous Post Next Post

RECENT NEWS