‘മാനം’ വേണമെങ്കിൽ സൂക്ഷിച്ചോളൂ... ‘അശ്വതിമാരുടെ’ ഫ്രണ്ട് റിക്വസ്റ്റിന് പിന്നിലെ ദുരന്തങ്ങൾ ഒരു മുന്നറിയിപ്പാണ്...പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അശ്വതി അച്ചു മുതൽ മായ വരെ വ്യാജൻമാർ വാഴുന്ന വലിയ ലോകമാണ് സമൂഹ മാധ്യമങ്ങൾ. പ്രമുഖരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന ഇവരുടെ പ്രവർത്തനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പല കേസുകളും പുറത്തറിയിക്കാതെ ഒതുക്കിതീർക്കുകയാണ് പതിവ്. 
സമൂഹ മാധ്യമങ്ങൾ വലിയ തട്ടിപ്പുകളുടെയും കുറ്റകൃത്യങ്ങളുടെയും ഇടമായി മാറിയിരിക്കുന്നു. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റുകൾ ചെയ്യുന്നവർ ദിവസവും കൂടിവരികയാണ്. ഇത്തരം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി പേരുടെ മാനവും പണവുമാണ് തട്ടിയെടുക്കുന്നത്. ഫെയ്സ്ബുക്കും വാട്സാപ്പും നഗ്നതയും വിഡിയോ കോളും പണംതട്ടലുമൊക്കെ ഇപ്പോൾ പതിവ് വാർത്തയാണ്. എന്നാൽ, ഇത്തരം ചതികളെ സൂക്ഷിച്ചിരുന്നാൽ രക്ഷയുണ്ട്. സുന്ദരികളുടെ ഫോട്ടോ ഉപയോഗിച്ചുള്ള നിരവധി വ്യാജ അക്കൗണ്ടുകളാണ് ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഇപ്പോൾ തട്ടിപ്പിനിറങ്ങിയിരിക്കുന്നത്.

ഇത്തരം വ്യാജ അക്കൗണ്ടുകൾ രാജ്യ സുരക്ഷയെ വരെ ബാധിക്കുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യ സുരക്ഷാ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഇത്തരം വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്ന ചാരൻമാർ തട്ടിയെടുക്കുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
ഫെയ്‌സ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിക്കണമെന്നാണ് സൈബർ വിദഗ്ധർ നിർദേശം നൽകുന്നത്. അറിയാത്ത പെണ്‍കുട്ടികളുടെ ഫ്രണ്ട് റിക്വിസ്റ്റ് സ്വീകരിക്കരുത്. ഇത്തരം റിക്വസ്റ്റുകളുടെ ലക്ഷ്യം മറ്റുചിലതാകാമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സ്മാർട് ഫോൺ ചാറ്റ് വിവരങ്ങളിലൂടെ ലൊക്കേഷന്‍ മനസ്സിലാക്കാനാകും. ഇത്തരം ചതികളെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

അറിയാത്തവരിൽ നിന്ന് വരുന്ന റിക്വസ്റ്റുകളെല്ലാം സ്വീകരിക്കുകയും അവരോട് ചാറ്റിങ്ങിനും പോയാൽ ഭാവിയിൽ വൻ ചതിയിലാകും പെടുക. നഗ്നവിഡിയോ കോളിലൂടെ ചതിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നഗ്നവിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം രാജ്യത്തിനകത്തും പുറത്തും സജീവമാണ്. ഇത്തരക്കാരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക എന്നതാണ് ഏറ്റവും ഉചിതമായ നടപടി.

നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങള്‍

1. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ യഥാര്‍ഥ പേര്, പ്രൊഫൈല്‍ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും. നിങ്ങള്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുന്‍പ്, നിങ്ങള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം റിക്വസ്റ്റ് അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യാവൂ.

2. വളരെയധികം വ്യാജപ്രൊഫൈല്‍ ഉള്ള ഒരു മേഖലയാണ് ഫെയ്സ്ബുക്. പലപ്പോഴും പ്രൊഫൈല്‍ വിവരങ്ങള്‍ യഥാര്‍ഥമാവണമെന്നില്ല. ഫെയ്സ്ബുക്കില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആല്‍ബത്തിലുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന തരത്തില്‍ സെറ്റിങ്ങ്സില്‍ മാറ്റം വരുത്തുക.

3. പബ്ലിക്, ഫ്രെണ്ട്സ് ഓഫ് ഫ്രെണ്ട്സ് എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക.


4. അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റ്കള്‍ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈല്‍ ഉള്ളവരുടേത് നിര്‍ബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാല്‍ കുറച്ച് പഴയ പോസ്റ്റുകള്‍ പരിശോധിക്കാവുന്നതാണ്.

5. നിങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ അപരിചിതരായവര്‍ കാണാതിരിക്കുവാന്‍ സെറ്റിങ്ങ്സില്‍ ആവശ്യമായ മാറ്റം വരുത്തുക.

6. ഫെയ്സ്ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അടുത്ത് അറിയാവുന്നവരെയും മാത്രം ഉള്‍പെടുത്തുക.

7. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്റ്റുകള്‍ മുതലായവ ശ്രദ്ധയിൽപ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

∙ അറിഞ്ഞിരിക്കേണ്ടത്

1. ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്ങ്സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫെയ്സ്ബുക് വിവരങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ അപരിചിതരായ ആള്‍ക്കാര്‍ കാണാന്‍ ഇടയാകും.

2. പബ്ലിക്‌ ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ അനുചിതമല്ലാത്തവ ഷെയര്‍/ലൈക്‌ ചെയ്യാതിരിക്കുക.

3. വ്യക്തിപരമായി പരിചയമില്ലാതവരുടെ ഫെയ്സ്ബുക്കിലൂടെയുള്ള ക്ഷണം ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പഴ്സണല്‍ മെസേജിലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.

4. ഫെയ്സ്ബുക്കിലുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.

Social media using manuals
Previous Post Next Post

RECENT NEWS