ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022 - 2023 സീസണ്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ ബംഗളൂരു എഫ് സിക്കെതിരായ മത്സരം അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഉപേക്ഷിച്ച് മൈതാനം വിട്ട കേസ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിവിട്ടിട്ടില്ല. മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കുറ്റത്തിന് എ ഐ എഫ് എഫ് നാല് കോടി രൂപ പിഴയും പൊതുമാപ്പുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എതിരേ ചുമത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും 10 മത്സര വിലക്കും എ ഐ എഫ് എഫ് ഏര്‍പ്പെടുത്തിയിരുന്നു.
Read also: വിവാദ ഗോളില്‍ കളംവിട്ട ബ്ലാസ്റ്റേഴ്സ് പുറത്ത്; ബെംഗളൂരു സെമിയില്‍! മഞ്ഞപ്പടയ്ക്ക് നാടകീയ മടക്കം
ഇതിനെതിരേ എ ഐ എഫ് എഫില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അപ്പീല്‍ നല്‍കി എങ്കിലും ഫലം ഉണ്ടായില്ല. വിലക്കിലും പിഴയിലും ഇളവ് നല്‍കാന്‍ എ ഐ എഫ് എഫ് തയാറായില്ല. മാത്രമല്ല, പിഴ ഒടുക്കാനുള്ള അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവം അവിടെ അവസാനിക്കില്ല എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് എതിരേ പടപ്പുറപ്പാടിനുള്ള നീക്കം നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതായത് എ ഐ എഫ് എഫ് ഏര്‍പ്പെടുത്തിയ പിഴ ശിക്ഷയ്ക്കും വിലക്കിനും എതിരേ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിനെ ( സി എ എസ് ) സമീപിച്ചു. ഇന്ത്യയില്‍ തങ്ങള്‍ക്ക് അനുകൂല വിധി ലഭിക്കില്ലെന്ന് ഉറപ്പിച്ച പശ്ചാത്തലത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക തര്‍ക്ക പരിഹാര കോടതിയെ ( സി എ എസ് ) സമീപിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നീക്കം നടത്തിയത്.
ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകരമുള്ള ബോഡി ആണ് സി എ എസ്. 1984 ല്‍ രൂപം കൊണ്ട സി എ എസ് ഇതിനോടകം നോര്‍ത്തേണ്‍ അയര്‍ലന്‍ഡും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും തമ്മില്‍ കളിക്കാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കേസ് ഉള്‍പ്പെടെ വന്‍ ശ്രദ്ധ ആകര്‍ഷിച്ച വിവിധ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സില്‍ ലോകത്തില്‍ 70 -ാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പിഴ കേസ് സി എ എസില്‍ എത്തിക്കുന്നതോടെ എ ഐ എഫ് എഫ് പ്രതിരോധത്തില്‍ ആകും. പിഴയില്‍ ഇളവ് നല്‍കാന്‍ തീരുമാനം ആകാനാണ് സാധ്യത. ലോക ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയ ഫോളവേഴ്‌സില്‍ ആദ്യ 100 റാങ്കിന്റെ ഉള്ളില്‍ ഉള്ള ഏക ഇന്ത്യന്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
ബംഗളൂരു എഫ് സിക്ക് എതിരായ പ്ലേ ഓഫ് എലിമിനേറ്ററില്‍ അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ക്വിക്ക് ഫ്രീകിക്ക് ഗോള്‍ റഫറി അനുവദിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ചൊടിപ്പിച്ചതും മത്സരം ഉപേക്ഷിച്ച് മൈതാനം വിടാന്‍ കാരണം ആയതും. ഗോള്‍ റദ്ദാക്കണമെന്ന ആവശ്യം റഫറിയും സംഘാടകരും അനുവദിക്കാതെ ഇരുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡ്രസിംഗ് റൂമില്‍ നിന്ന് തിരിച്ച് മൈതാനത്ത് എത്താന്‍ കൂട്ടാക്കിയില്ല. അതോടെ ബംഗളൂരു എഫ് സിയെ ജേതാക്കളായ ഐ എസ് എല്‍ അധികൃതര്‍ പ്രഖ്യാപിച്ചു. സുനില്‍ ഛേത്രിയായിരുന്നു വിവാദമായ ആ ക്വിക്ക് ഫ്രീ കിക്ക് ഗോള്‍ നേടിയത്.
kerala blasters fc have filed appeal with cas for walk out case