കൈക്കൂലിയുമായി ഹോട്ടലിലെത്താൻ നിർദ്ദേശം; വിജിലൻസിനെ കൂട്ടി വന്ന് പരാതിക്കാരൻ; ഉദ്യോഗസ്ഥൻ പിടിയിൽകൊച്ചി: കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്‌ദുൾ ജബ്ബാറാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്ന് 3000 രൂപ കൈക്കൂലി പണം വാങ്ങിയ ഇയാളെ തൊട്ടടുത്ത സീറ്റുകളിലിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു. 
പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ പരാതിക്കാരൻ. വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് ഇദ്ദേഹം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെത്തിയത്. ഇയാളോട് അബ്ദുൾ ജബ്ബാർ കൈക്കൂലി പണം ആവശ്യപ്പെടുകയായിരുന്നു. പണം ഒരു ഹോട്ടലിലെത്തി നൽകാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

വിവരം പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണവുമായി പരാതിക്കാരൻ ഇന്ന് ഹോട്ടലിലെത്തിയിരുന്നു. ഇവർക്ക് മുൻപേ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ ഇവരുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയാതെ വന്ന അബ്ദുൾ ജബ്ബാർ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് പ്രതിയെ കൈയ്യോടെ പിടികൂടി. പരാതിക്കാരൻ വിളിച്ചിട്ടാണ് താൻ വന്നതെന്നും ഇങ്ങനെയൊരു പണി അയാൾ ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നുമാണ് അബ്ദുൾ ജബ്ബാർ വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

kseb overseer arrested at ernakulam for accepting bribe by vigilance
Previous Post Next Post

RECENT NEWS