'പൂമ്പാറ്റ' ഒടുവിൽ കൂട്ടിൽ കുടുങ്ങി! സിനിമാക്കഥകളിൽ കാണുമോ ഇങ്ങനെയൊരു തട്ടിപ്പുവീര, സിനിയുടെ കുറ്റകൃത്യങ്ങൾതൃശൂർ: പൂമ്പാറ്റ സിനി... പേര് കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഒട്ടും നിസാരക്കാരിയല്ല ഈ നാൽപ്പത്തിയെട്ടുകാരി. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം കവര്‍ച്ചയും തട്ടിപ്പും ഉള്‍പ്പടെ 35 കേസുകളിൽ പ്രതിയാണ് സിനി ​ഗോപകുമാർ എന്ന പൂമ്പാറ്റ സിനി. ഇതിലേറെ കേസുകൾ എറണാകുളം ജില്ലയിലുമുണ്ട്. ഒടുവിൽ സിനിയെ തൃശ്ശൂർ പൊലീസ് പൂട്ടിയിരിക്കുകയാണ്. കാപ്പ ചുമത്തി പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയാണ് പൂമ്പാറ്റ സിനിക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.
പിന്നാലെ ഒല്ലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൈക്കാട്ടുശേരിയിലെ വാടക വീട്ടില്‍ നിന്ന് സിനിയെ അറസ്റ്റ് ചെയ്തു. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് എറണാകുളം സ്വദേശിനിയായ പൂമ്പാറ്റ സിനി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു.

വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് സിനിയുടെ തന്ത്രം. പണം തട്ടിയെടുത്തതായി ഇരകൾക്ക് തോന്നാതിരിക്കാൻ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവർ അവതരിപ്പിക്കുക. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കേസിലും ഇതുവരേയും ശിക്ഷിക്കപ്പെട്ടിരുന്നില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. കണ്ണമാലിയിൽ സ്വർണനിർമ്മിതമായ നടരാജ വിഗ്രഹം വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയ കേസ്, എറണാകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നും 45.75 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയും ബാങ്കിൽ നിന്ന് പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങിയ കേസ് എന്നിവയാണ് എറണാകുളത്തെ പ്രമാദമായ കേസുകള്‍.


തൃശൂർ ജില്ലയിൽ മാത്രം എട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012ൽ കാസർഗോഡ് നിന്നുള്ള ട്രെയിൻയാത്രക്കിടെ പരിചയപ്പെട്ട തൃശ്ശൂരിലെ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 11 പവൻ സ്വർണം തട്ടിയെടുത്തതാണ് ആദ്യ കേസ്. പിന്നാലെ പുതുക്കാട് കിണറിൽ നിന്ന് സ്വർണവിഗ്രഹം കണ്ടെത്തിയത് വിൽപ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടി.

2017 ൽ പുതുക്കാട് സ്വദേശിയെ സ്വർണ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസിയുടെ കൈയിൽ നിന്നും തട്ടിയത് 74 ലക്ഷമാണ്. മറ്റൊരു പുതുക്കാടു കാരനില്‍ നിന്ന് ഇതേ കാര്യം പറഞ്ഞ് തട്ടിയത് 72 ലക്ഷം. 2017ൽ വൻ ആർഭാടത്തോടെ മകളുടെ വിവാഹം നടത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു. 

one of the notorious criminal in kerala poombatta sini kaapa act jail
Previous Post Next Post

RECENT NEWS