മെയ് വരെ മാത്രം 1.4 ലക്ഷത്തോളം തെരുവുനായ ആക്രമണ കേസുകൾ, ഈ മാസം ഇതുവരെയുള്ള കണക്കുകൾ ഞെട്ടിക്കുന്നത്!



തിരുവനന്തപുരം: തെരുവനായ്ക്കളുടെ ശല്യം സുപ്രീം കോടതിവരെ എത്തിനിൽക്കുകയാണ്. സംസ്ഥാന സർക്കാറിന് കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി എംബി രാജേഷും അറിയിച്ചു. തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീം കോടതിയിൽ  ഹർജി സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ജൂലായ് ഏഴിനകം നിലപാട് അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ഈ കേസ്  ജൂലായ് 12 ന് സുപ്രീം കോടതി പരിഗണിക്കുകയും ചെയ്യും. അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യുന്ന കാര്യത്തിലും വാദം സുപ്രീംകോടതി വാദം കേൾക്കുന്നുണ്ട്.
പ്രധാനമായും സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ജൂൺ 11ന് കണ്ണൂർ മുഴപ്പിലങ്ങാട് 10 വയസുകാരൻ നിഹാലിനെ തെരുവുനായ കടിച്ചുകീറി കൊന്നതും 19 ന് ജാൻവി എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. രണ്ടു സംഭവങ്ങളും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. 

തെരുവുനായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ആക്രമിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി 1000 ഓളം പേർ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഈ മാസം ഇതുവരെ മാത്രം തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്  25,230 ലധികം പേരാണ്. ആക്രമണത്തിൽ ഈ മാസം മാത്രം 3 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം എട്ട് പേരാണ് തെരുവുനായ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്.  മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏകദേശം 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ട്. എന്നാൽ സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം ചുരുങ്ങിയത് 5 ലക്ഷത്തിന് മുകളിലാണെന്ന് പ്രാദേശിക കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾ തന്നെ വ്യക്തമാകുന്നു.


തെരുവുനായുടെ ആക്രമണത്തിന് ഇരയായവരുടെ കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ

2017   1.35 ലക്ഷം
2018   1.485 ലക്ഷം
2019   1.61 ലക്ഷം
2020   1.60 ലക്ഷം
2021   2.21 ലക്ഷം
2022   2.34 ലക്ഷം
2023   മെയ് വരെ 1.4 ലക്ഷം

ദയാവധവും അപകടകാരികളായ നായ്ക്കൾക്കെതിരായ നടപടിയും ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതിയുടെ വിധി നിർണായകമാകും. അപകടകാരികളായ നായ്ക്കളെ നിയമപരമായി നേരിടാമെന്ന ബോംബെ ഹൈക്കോടതിയുടെ 2008  ലെ അനുകൂല വിധിയും  2006  ലെ  തദ്ദേശ സ്ഥാപനങ്ങൾക്ക് തെരുവുനായ്ക്കളെ കൊല്ലാമെന്ന  കേരള ഹൈക്കോടതിയുടെ ഉത്തരവും അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് ഹർജിക്കാർ. 

shocking figures of stray dog attacks in kerala
Previous Post Next Post

RECENT NEWS