കടലിനടിയിലെ കാഴ്ചകൾ കണ്ടു രാവുറങ്ങാം, വിസ്മയിപ്പിക്കുന്ന ഹോട്ടലുകൾകടലോരത്ത് നല്ല രുചിയുള്ള ഭക്ഷണമൊക്കെ കഴിച്ച് കടൽക്കാറ്റേറ്റ് ഇരിക്കുക. ആഹാ അന്തസ്സ് ! എങ്കിൽ ഈ പറയുന്ന കടലിനടിയിൽ മീനുകളെയും കടൽ ജീവികളെയും കണ്ടുകൊണ്ട് നിങ്ങളുടെ മുറിയിൽ അത്യാഡംബരത്തോടെ സമയം ചെലവഴിക്കുന്നത് ഒന്നു സങ്കൽപിക്കൂ. ഫ്ലോർ-ടു-സീലിങ് വിൻഡോകളുള്ള അണ്ടർവാട്ടർ സ്യൂട്ടുകളിലൊന്ന് തിരഞ്ഞെടുത്ത് അടുത്ത അവധിക്കാലം ഗംഭിരമാക്കാം. ലോകത്തിലെ അതിശയകരമായ ചില അണ്ടർവാട്ടർ ഹോട്ടലുകൾ ഇതാ.

1. അറ്റ്ലാന്റിസ് ദ് പാം, ദുബായ്  


1,548 മുറികളുള്ള ഒരു സമുദ്ര-തീം ഡെസ്റ്റിനേഷൻ റിസോർട്ടാണ് അറ്റ്ലാന്റിസ് ദ് പാം. അറേബ്യൻ ഗൾഫിനും ദുബായ് സ്കൈലൈനിനുമിടയിൽ പാം ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര അണ്ടർ വാട്ടർ ഹോട്ടലാണിത്. 65,000 സമുദ്രജീവികളുള്ള അക്വേറിയമായ അംബാസഡർ ലഗൂണിന്റെ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഫ്ലോർ-ടു-സീലിങ് ജാലകങ്ങളാണ് ഈ അണ്ടർവാട്ടർ സ്യൂട്ടിന്റെ സവിശേഷത. അവിടെ നിങ്ങൾക്ക് സ്രാവുകളും സ്റ്റിങ് റേകളും മത്സ്യങ്ങളും നിങ്ങളുടെ മുറിയുടെ പുറത്തു കൂടി കടന്നുപോകുന്നത് കാണാം. 24 മണിക്കൂർ പ്രൈവറ്റ് ബട്‌ലറും ഈ സ്യൂട്ടിലുണ്ട്. 


Read also

2. നിയാമ പ്രൈവറ്റ് ഐലൻഡ്, മാലിദ്വീപ്


മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിൽനിന്ന് 45 മിനിറ്റ് സീപ്ലെയിൻ യാത്ര ചെയ്താൽ മനോഹരമായ നിയാമ പ്രൈവറ്റ് ഐലൻഡിലെത്താം. അതിമനോഹരമായ ഓവർ-വാട്ടർ വില്ലകൾക്കും കുടുംബങ്ങൾക്കായുള്ള രസകരമായ പ്രവർത്തനങ്ങൾക്കും ഈ ഹോട്ടൽ പ്രശസ്തമാണ്. എന്നാൽ യഥാർഥ ഹൈലൈറ്റ് അതിന്റെ അണ്ടർവാട്ടർ റസ്റ്ററന്റാണ്– സബ്‌സിക്സ്. അവിടെയെത്താൻ അതിഥികൾ സ്പീഡ് ബോട്ടിൽ ഒരു ഓഫ്‌ഷോർ ലൊക്കേഷനിലേക്കു പോകണം. അവിടെനിന്നു സജീവമായ പവിഴപ്പുറ്റിന്റെ മധ്യഭാഗത്തുള്ള റസ്റ്ററന്റിലേക്കു പോകുന്നതിനു ഗോവണിയിറങ്ങണം. ഹോക്ക്‌ബിൽ ആമകൾ, ഈലുകൾ, മറ്റ് ജലജീവികൾ എന്നിവ കടന്നുപോകുന്നത് തൊട്ടടുത്തിരുന്നു ഗ്ലാസിലൂടെ കാണാം. 


3. മാന്ത റിസോർട്ട്, ടാൻസാനിയ


ഇതൊരു ഫ്ലോട്ടിങ് റിസോർട്ടാണ്, അതായത് ഒരു ഭാഗം മാത്രം വെള്ളത്തിനു മുകളിലും ബാക്കി വെള്ളത്തിനടിയിലുമായി പൊങ്ങി കിടക്കുന്ന താമസയിടം. ടാൻസാനിയയിലെ സാൻസിബാർ ദ്വീപസമൂഹത്തിന്റെ ഭാഗമായ പെംബ ദ്വീപിലാണ് മാന്ത റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അതിന്റെ അണ്ടർവാട്ടർ റൂം മൂന്ന് ലെവലുകളായാണ് നിർമിച്ചിരിക്കുന്നത്. വെള്ളത്തിനടിയിലുള്ള കിടപ്പുമുറിയിൽ നിന്ന് അതിഥികൾക്ക് പവിഴപ്പുറ്റിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. മുകളിലത്തെ നിലയിൽ ഒരു ലോഞ്ച് ഏരിയയും ഡേബെഡുമുണ്ട്, രാത്രിയിൽ നക്ഷത്രനിരീക്ഷണവും ആകാം. കിടപ്പുമുറി സമുദ്രനിരപ്പിന് താഴെയാണ്, അതിനാൽ മീനുകൾ നീന്തി തുടിക്കുന്നത് അതിഥികൾക്ക് ജാലകത്തിലൂടെ കാണാൻ കഴിയും.


4. റിസോർട്ട് വേൾഡ് സെന്റോസ, സിംഗപ്പൂർ


കുട്ടികൾക്കായി പ്രത്യേകം വാട്ടർ തീം പാർക്കുള്ള ഒരു റിസോർട്ട്. അതാണ് സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് സെന്റോസ. സിംഗപ്പൂരിന്റെ തെക്കൻ തീരത്താണ് റിസോർട്ട് വേൾഡ് സെന്റോസ സ്ഥിതി ചെയ്യുന്നത്. റിസോർട്ടിന്റെ അക്വേറിയസ് ഓഷ്യൻ സ്യൂട്ടുകൾ അതിന്റെ ഭീമാകാരമായ അക്വേറിയത്തിൽ വസിക്കുന്ന 40,000-ത്തിലധികം സമുദ്രജീവികളുടെ അതിശയകരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. സീ അക്വേറിയം, അഡ്വഞ്ചർ കോവ് വാട്ടർപാർക്ക്, യൂണിവേഴ്സൽ സ്റ്റുഡിയോ സിംഗപ്പൂർ എന്നിവ സെന്റോസ ദ്വീപിലെ പ്രധാന ആകർഷണങ്ങളാണ്.


5. ഇന്റർകോണ്ടിനെന്റൽ ഷാങ്ഹായ് വണ്ടർലാൻഡ്, ചൈന


വലിയൊരു മലനിര, അതിന്റെ നടുക്കായി, പെട്ടെന്ന് നോക്കിയാൽ കാണാനാകാത്ത ഒരു കിടിലൻ ഹോട്ടൽ സമുച്ചയം. അതിന്റെ നിർമാണ പാടവമായിരിക്കും നമ്മളെ കൂടുതൽ ആകർഷിക്കുക. ഇന്റർകോണ്ടിനെന്റൽ ഷാങ്ഹായ് വണ്ടർലാൻഡ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഷാങ്ഹായിലെ സബർബൻ ജില്ലയായ സോങ്ജിയാങ്ങിലാണ് ഈ അണ്ടർ വാട്ടർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന്റെ മുകളിലെ നിലയിലുള്ള മുറികൾ ചുറ്റുമുള്ള മലനിരകളുടേയും വെള്ളച്ചാട്ടങ്ങളുടെയും കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ഇത് വലിയൊരു മലയിടുക്കിലാണ് പണിതിരിക്കുന്നത്. ഹോട്ടലിലെ ആഡംബരപൂർണ്ണമായ അണ്ടർവാട്ടർ സ്യൂട്ടുകൾ ഒരു വലിയ ആകർഷണമാണ്, കാരണം അതിഥികൾക്ക് വിവിധ കടൽജീവികൾ അക്വേറിയങ്ങളിലൂടെ കടന്നുപോകുന്നത് കണ്ട് ആസ്വദിക്കാം. ഹോട്ടലിൽ ഒരു അണ്ടർവാട്ടർ റസ്റ്ററന്റും സ്വിമ്മിങ് പൂളുമുണ്ട്.

Here are some of the most unique underwater resorts around the world
Previous Post Next Post

RECENT NEWS