പനമരത്തെത്തിയ ഒരു കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു!കല്‍പ്പറ്റ: പനമരം കൊയിലേരി റോഡില്‍ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രികരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഉറപ്പിച്ച സ്ട്രക്ചറടക്കം താഴെവീണു. ആറ് വൈദ്യുത പോസ്റ്റുകളും ചെരിഞ്ഞു. നാല് സ്റ്റേകള്‍ തകരുകയും ചെയ്തു. ഇതോടെ വീട്ടിച്ചോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ഇതേ കാര്‍ പനമരം ആര്യന്നൂരില്‍ പിക്ക് അപ്പ് വാനിന്റെ പിറകിലിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി പുളിക്കപൊയില്‍ മുജീബ് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈകുന്നേരം കാറുടമയെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. ഇതേ കാറാണ് രാത്രിയില്‍ വീണ്ടും അപകടമുണ്ടാക്കിയത്. സംഭവത്തില്‍ കാറോടിച്ചയാള്‍ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

Rare car accident in Wayanad morning and night same car met accident
Previous Post Next Post

RECENT NEWS