'ജിഡി എന്‍ട്രി ഇനി ആപ്പിലൂടെ..'; ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് പൊലീസ്



തിരുവനന്തപുരം: ജി.ഡി എന്‍ട്രി ലഭിക്കുന്നതിന് കേരള പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ്. സേവനം തികച്ചും സൗജന്യമാണ്. അപേക്ഷ പരിഗണിച്ച് പരിശോധന പൂര്‍ത്തിയായ ശേഷം ജി.ഡി എന്‍ട്രി അനുവദിക്കും. അത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതെന്നും കേരളാ പൊലീസ് അറിയിച്ചു.
പൊലീസിന്റെ കുറിപ്പ്: ''വണ്ടിയൊന്നു തട്ടി... ഇന്‍ഷൂറന്‍സ് കിട്ടാനുള്ള ജി ഡി എന്‍ട്രി തരാമോ?'' പോലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.''

''സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതി. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, മേല്‍വിലാസം എന്നിവ നല്‍കി തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്സിഡന്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും സംഭവത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയായശേഷം ജി ഡി എന്‍ട്രി അനുവദിക്കും. അത് ആപ്പില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഈ സേവനം കേരള പോലീസിന്റെ തുണ വെബ്‌പോര്‍ട്ടലിലും ലഭ്യമാണ്.''

GD Entry available on Pol-app
Previous Post Next Post

RECENT NEWS