ദില്ലി: 77 മത് സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. സെൻട്രൽ വിസ്ത നിർമ്മാണ തൊഴിലാളികൾ അടക്കമുള്ള 1800 പേർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രത്യേക ക്ഷണിതാക്കളാകും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ 9 വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ മോദി നടത്തിയേക്കും. ദില്ലി ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. രാജ്ഭവനിൽ രാവിലെ 9.30 ക്ക് ഗവർണ്ണർ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീർ പതാക ഉയർത്തും. വിവിധ പാർട്ടി ആസ്ഥാനങ്ങളിലും സർക്കാർ ഓഫീസികളിലും ദേശീയ പതാക ഉയർത്തും.
india 77th independence day celebrations