അമിത ഫീസ്, കൈക്കൂലി; അക്ഷയ സെൻ്ററുകളിൽ വിജിലൻസ് പാഞ്ഞെത്തി മിന്നൽ പരിശോധന, പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പർതിരുവനന്തപുരം: അക്ഷയസെന്‍ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷൻ e-സേവ' എന്ന പേരിൽ ഇന്ന് രാവിലെ 11.00 മണി മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളില്‍ ഒരേ സമയം സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിയെന്ന് വിജിലൻസ് അറിയിച്ചു. ചില അക്ഷയസെന്റര്‍ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായും ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസര്‍മാര്‍ അക്ഷയസെന്റര്‍ നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി ഇത്തരം അഴിമതിയ്ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും വിജിലൻസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസ് വിജിലൻസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വിജിലൻസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

'ഓപ്പറേഷന്‍ e-സേവ'- അക്ഷയസെന്ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലേയ്ക്കായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. അക്ഷയസെന്ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലേയ്ക്കായി  e-സേവ എന്ന പേരില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് ഇന്ന് (04.08.2023) രാവിലെ 11.00 മണി മുതല്‍ ഒരേ സമയം സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തുന്നു. സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ പ്രസ്തുത ഓഫീസുകളെ സമീപിക്കാതെയും താമസം കൂടാതെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അഴിമതി വിമുക്ത കേരളം സാക്ഷാത്ക്കരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ത്വരിതഗതിയില്‍ കമ്പ്യൂട്ടര്‍വത്ക്കരണം നടന്നു വരികയാണ്. അതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളെ നേരിട്ട് സമീപിക്കാതെ തന്നെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി  ലഭിക്കുന്നതിനുമായാണ് സംസ്ഥാന വിവരസാങ്കേതിക വകുപ്പിന് കീഴില്‍  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ശുപാര്‍ശയോടെ Akshaya Centre Enterpreneurs (ACE) ആരംഭിച്ചിട്ടുള്ളത്.

എന്നാല്‍ ചില അക്ഷയസെന്റര്‍ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കി അവരെ ചൂഷണം ചെയ്യുന്നതായും അക്ഷയസെന്ററുകളുടെ പ്രവര്‍ത്തന സുതാര്യത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനും പേരായ്മകള്‍  ഉണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ചുമതലപ്പെട്ടിട്ടുമുള്ള ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസര്‍മാര്‍ അക്ഷയസെന്റര്‍ നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി ഇത്തരം അഴിമതിയ്ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് (04.08.2023) രാവിലെ 11.00 മണി മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.. 2013-ലും 2018-ലും സംസ്ഥാന വിവരസാങ്കേതിക വകുപ്പ് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകളില്‍ അക്ഷയ സെന്ററുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും വിവിധ ആവശ്യങ്ങള്‍ക്ക് ഈടാക്കാവുന്ന ഫീസുകളെ സംബന്ധിച്ചുമൊക്കെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ഉത്തരവിന് വിരുദ്ധമായി ചില അക്ഷയസെന്ററുകളില്‍ താഴെപ്പറയുന്ന ക്രമക്കേടുകള്‍ നടന്നു വരുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതാകുന്നു.


അക്ഷയസെന്റര്‍ സമീപിക്കുന്ന പൊതുജനങ്ങളില്‍ നിന്നും  ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് 2018-ലെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായി പതിന്മടങ്ങ് സേവന ഫീസ് ചില അക്ഷയസെന്ററുകള്‍ ഈടാക്കുന്നതായും  വാങ്ങുന്ന ഫീസിന് കമ്പ്യൂട്ടര്‍ നിര്‍മ്മിത രസീത് നല്‍കണമെന്ന ഉത്തരവ് പാലിക്കാതെ അട്ടിമറിക്കുന്നതായും ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് പറയുന്നുവെങ്കിലും ഒട്ടുമിക്ക അക്ഷയസെന്ററുകളും അത് പാലിക്കുന്നില്ലായെന്നും അക്ഷയ സെന്ററില്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം പരാതി എഴുതാന്‍ രജിസ്റ്റര്‍ വയ്ക്കണമെന്നും ഈ രജിസ്റ്റര്‍ ജില്ലാ അക്ഷയ പ്രോജക്റ്റ്  കോര്‍ഡിനേറ്റര്‍ പരിശോധിക്കണമെന്ന് പറയുന്നെങ്കിലും  ഒട്ടുമിക്ക അക്ഷയസെന്ററിലും പരാതി രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ലായെന്നും അക്ഷയ സെന്ററിന് അവശ്യം വേണ്ട ഭൌതികസാഹചര്യങ്ങളെ കുറിച്ച് 2013-ലെ ഉത്തരവിലെ Schedule A പ്രകാരം  നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും  മിക്കവാറും അക്ഷയ സെന്റുകളിലും അവയില്ലെന്നും ചില അക്ഷയസെന്റര്‍ നടത്തിപ്പുകാര്‍ ചില വില്ലേജ് ഓഫീസര്‍മാരുടെയും സബ് രജിസ്ട്രാര്‍മാരുടെയും മോട്ടോര്‍വാഹനവകുപ്പ് ഉദ്ദ്യോഗസ്ഥരുടെയും മറ്റ് അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ച് വരുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേയ്ക്കായി സംസ്ഥാന വ്യാപകമായി ഇന്ന് (04.08.2023) രാവിലെ 11.00മണിയോടെ e-സേവ എന്ന പേരില്‍ നൂറ്റിമുപ്പതോളം അക്ഷയ സെന്ററുകളില്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാര്‍ ഐ.പി.എസ്-അവര്‍കളുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസ്-ന്റെ മേല്‍നോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ഇ.എസ്.ബിജുമോന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി.കെ. വിനോദ് കുമാര്‍. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

kerala akshaya centre Vigilance raid Operation e Service details here
Previous Post Next Post

RECENT NEWS