ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവുംഏവർക്കും  ഇന്ന് തിരുവോണം കോഴിക്കോട് ഡിസ്ട്രിക്ട് ഗ്രൂപ്പിന്റെ  ഓണാശംസകൾ

ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്.

തിരുവോണ ദിനത്തില്‍ മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാം തയ്യാറെടുത്ത് കഴിഞ്ഞു. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികൾ നഷ്ടമാക്കാറില്ല.

ശിവശക്തി പേരില്‍ വിവാദത്തിന്റെ ആവശ്യമില്ല; സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍ ‘വന്ദേ ഭാരതില്‍ ടിക്കറ്റില്ല, നൂതന ഗതാഗത സംവിധാനങ്ങള്‍ കേരളത്തിന് ആവശ്യം’; കെ റെയിലിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി സതിയമ്മക്കെതിരെ പൊലീസ് കേസ്; വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല


ഓണാഘോഷം, സാംസ്കാരികോത്സവം

വിപുലവും പ്രൗഢവുമായ പരിപാടികളോടെ ഓണം വാരാഘോഷത്തിന് ഞായറാഴ്ചയോടെ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കനകക്കുന്നിൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. പ്രശസ്ത നർത്തകി മല്ലിക സാരാഭായി, ചലച്ചിത്ര താരം ഫഹദ് ഫാസിൽ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലയിൽ 31 വേദികളിലായി കലാപരിപാടികൾ അരങ്ങേറും. മറ്റു ജില്ലകളിലും പ്രൗഢമായ ഓണാഘോഷങ്ങൾനടക്കും.

“ഓണം ഒരുമയുടെ ഈണം എന്ന ആശയത്തിൽ ഊന്നിയാണ് ഇക്കൊല്ലത്തെ ഓണാഘോഷം. ഓണം പങ്കുവെക്കുന്ന തുല്യതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവർക്കും വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സമൃദ്ധമായി ഓണം ആഘോഷിക്കാൻ കഴിയാത്തവരെ കൂടി ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു പോവുകാനുതകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിജീവന സങ്കൽപ്പംകൂടി പങ്കുവയ്ക്കുന്നതാണ് ഓണത്തിന്റെ ഐതിഹ്യം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ഈ ഓണക്കാലവും നമ്മൾ സമൃദ്ധമാക്കുകയാണ്. ഓണം ഉയർത്തുന്ന അതിജീവന സങ്കൽപ്പത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഈ ഘട്ടത്തിൽ നമ്മളെത്തന്നെ നമുക്കു പുനരർപ്പിക്കാം. എല്ലാവർക്കും ഓണാശംസകൾ,” കേരള സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഓണസന്ദേശമിങ്ങനെ.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, ആന്റണി രാജു, എം.പി.മാരായ ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, എം.എൽ.എ.മാരായ വി.ജോയ്, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വാർഡ് കൗൺസിലർ റീന കെ.എസ്., ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ടൂറിസം ഡയറക്ടർ പി.ബി.നൂഹ് എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ഓണാശംസ

സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുക.

കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കൽപം പകർന്നു തരുന്നതിനേക്കാൾ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനർനിർമ്മിക്കലാണ്. ഇന്ന് കേരള സർക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കൽപമാണ്. ആ നവകേരള സങ്കൽപമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി പുനരർപ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ക്ഷേമപെൻഷനുകളുടെ വിതരണം മുതൽ ന്യായവിലക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം ഉണ്ടല്ലോ, ‘സർക്കാർ ഒപ്പമുണ്ട്’ എന്നതായിരുന്നു അത്. ആഘോഷവേളയിലും അത് തന്നെ പറയട്ടെ. സർക്കാർ ഒപ്പമുണ്ട്.

ഓണാഘോഷം ശബരിമലയിൽതിരുവോണ പൂജകളുടെ ഭാഗമായി ഉത്രാടം ദിനത്തിൽ വൈകിട്ട് അഞ്ച് മണിയ്ക്ക് ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സന്നിധാനത്ത് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. ഓണനാളുകളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ ഉത്രാടം മുതൽ ചതയം വരെ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉത്രാടനാളിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി, തിരുവോണത്തിൽ ദേവസ്വം ജീവനക്കാര്, അവിട്ടം നാളിൽ സന്നിധാനം പോലീസ്, ചതയത്തിന് ഒരു ഭക്തൻ എന്നിവരുടെ വഴിപാടായാണ് ഓണസദ്യ ഒരുക്കുന്നത്.

ഓണം ഐതിഹ്യങ്ങൾ

മഹാബലിവാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.


പരശുരാമൻ

പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌.

ശ്രീബുദ്ധൻ

സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.

ചേരമാൻ പെരുമാൾ

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തു പോയത്‌ ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.

സമുദ്രഗുപതൻ-മന്ഥരാജാവ്

ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു.

തിരുവോണനാളിലെ ചടങ്ങുകൾ

തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ്‌ ‘തൃക്കാൽക്കര’ ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.


കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.

തൃക്കാക്കരയപ്പൻ

തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.

ഓണക്കാഴ്ച

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന്‌ ക്ഷേത്രങ്ങളിലേക്കാണ്‌ കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.


ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
onam 2023
Previous Post Next Post

RECENT NEWS