ഐഎസ്എല്ലിന് മണിക്കൂറുകള്‍ക്കം കിക്കോഫ്! ബ്ലാസ്റ്റേഴ്‌സിന് കടം വീട്ടണം, കലിപ്പടക്കണം; മത്സരം ബംഗളൂരുവിനെതിരെ



കൊച്ചി: ഐഎസ്എല്‍ പത്താം സീസണ് മണിക്കൂറുകള്‍ക്കകം കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നാളെ (വ്യാഴം) കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിര വൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. ടീമുകള്‍ ഇന്ന് അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി. കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അതിന്റെ ബാക്കി കളത്തില്‍ കാണാം. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഒക്ടോബര്‍ 8ന് മുംബൈ സിറ്റിക്കെതിരെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാല്‍ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിറവേറ്റുമെന്ന് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌ക്വാഡ് മികച്ചതാണെന്നും എല്ലാ ശ്രദ്ധയും ആദ്യ മത്സരത്തിലാണെന്നും അഡ്രിയാന്‍ ലൂണ പറഞ്ഞു.
പത്താം പതിപ്പിലേക്ക് കടക്കുന്ന ഐഎസ്എല്ലില്‍ ഇത്തവണ ആകെ 12 ക്ലബുകളുണ്ട്. ഐ ലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടിയെത്തിയ പഞ്ചാബ് എഫ്സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍. പിന്നാലെ പ്ലേ ഓഫും, ഇരുപാദങ്ങളുള്ള സെമിയും ഫൈനലും. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്റെ ആദ്യ മത്സരം 23ന് പഞ്ചാബ് എഫ്സിക്കെതിരെയാണ്. ഈസ്റ്റ് ബംഗാളിനെതിരായ ബംഗാള്‍ ഡെര്‍ബി ഒക്ടോബര്‍ 28ന് നടക്കും.

എഐഎഫ്എഫ് പുറത്ത്

ഐഎസ്എല്‍ നീട്ടിവയ്ക്കണമെന്ന ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ആവശ്യം സംഘാടകരായ എഫ്ഡിഎസ്എല്‍ തള്ളിയിരുന്നു. ഏഷ്യന്‍ ഗെയിംസിന് താരങ്ങളെ വിട്ടുകിട്ടാനാണ് ഐഎസ്എല്‍ നീട്ടുവയ്ക്കണമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്ല്യാണ്‍ ചൗബ ആവശ്യപ്പെട്ടത്. എന്നാല്‍ 21ന് ഐഎസ്എല്‍ പുതിയ സീസണ്‍ തുടങ്ങാന്‍ എഫ്ഡിഎസ്എല്‍ തീരുമാനിക്കുകയായിരുന്നു.


താരങ്ങളെ കിട്ടാതായതോടെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയോട് പരാജയപ്പെടുകയും ചെയ്തു. നേരത്തെ താരങ്ങളെ വിട്ടു നല്‍കാന്‍ തയ്യാറാകാത്ത ക്ലബുകളുടെ നടപടിക്കെതിരെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന്റെ നല്ലതിനായി ക്ലബുകള്‍ മാറാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ മടങ്ങിപ്പോകുമെന്നായിരുന്നു സ്റ്റിമാക്കിന്റെ പ്രതികരണം. ഇതില്‍ എഐഎഫ്എഫ് സ്റ്റിമാക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Kerala Blasters vs Bengaluru FC isl match preview and more
Previous Post Next Post

RECENT NEWS