എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ; കൺസഷനിൽ സുപ്രധാന തീരുമാനം, നിരവധി വിദ്യാർഥികൾക്ക് ആശ്വാസം



തിരുവനന്തപുരം: ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിച്ച് സർക്കാര്‍.  ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്.
ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. അതേസമയം, റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.  റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട് അതിന്റെ ഗുണഫലം അനുഭവിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്റെ ഈ മാതൃക പഠിക്കാന്‍ ഇതിനകം നാല് സംസ്ഥാനങ്ങളാണ് വന്നതെന്നും പി രാജീവ് പറഞ്ഞു. നല്ലൊരു റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


ജീവിതകാലം മുഴുവന്‍ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ മുതല്‍ക്കൂട്ട് ആകും. റോഡ് സുരക്ഷാ നിയമങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഉപകാരം ചെയ്യുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ച് വരെയെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


kerala Government accepted demand of SFI increases age limit for granting students concession in buses

Previous Post Next Post

RECENT NEWS