കെ.എസ്.ആർ.ടി.സി. ബസുണ്ടോ? ഗൂഗിൾ മാപ്പ് പറയും



തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂരബസുകൾ ഗൂഗിൾമാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ദീർഘദൂരബസുകളാണ് ഗൂഗിൾമാപ്പിലേക്ക് കയറുന്നത്.

വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിൾ ട്രാൻസിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പർക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെ ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ബസുകളിൽ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവർത്തനക്ഷമമായാൽ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാർക്ക് പങ്കുവെക്കാനാകും. സിറ്റി സർക്കുലർ, ബൈപ്പാസ് റെഡറുകൾ എന്നിവ ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈൽ ആപ്പായ കെ.എസ്.ആർ.ടി.സി. നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയം യാത്രാവിവരങ്ങൾ ലഭിക്കും. ഭാവിയിൽ ദീർഘദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും.

കംപ്യൂട്ടറൈസ്ഡ് വെഹിക്കിൾ ട്രാക്കിങ് ആൻഡ് മോണിറ്ററിങ് സിസ്റ്റത്തിനുവേണ്ടി 5105 ജി.പി.എസ്. മെഷീനുകൾ വാങ്ങിയിട്ടുണ്ട്. ഇവ സജ്ജീകരിച്ച ബസുകൾ ഒാരോ സ്റ്റോപ്പ് പിന്നിടുമ്പോഴും വിവരം കൺട്രോൾ സംവിധാനത്തിലെത്തും.

ഒരു റൂട്ടിൽ ആവശ്യത്തിലധികം ബസുകൾ ഒരുമിച്ച് ഓടുന്നത് കണ്ടെത്താനും പുതിയ സംവിധാനത്തിൽ കഴിയും. ബസുകളുടെ വിന്യാസം കൂടുതൽ ഫലപ്രദമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.
Previous Post Next Post

RECENT NEWS