കനത്ത മഴ; ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ



തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ.   കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം സംബന്ധിച്ച് റെയില്‍വെയുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണം. 

അതേസമയം സംസ്ഥാനത്ത് ഇന്ന് ഉള്‍പ്പെടെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ  12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയാണ് അധികൃതര്‍ അറിയിക്കുന്നത്.


ഒക്ടോബര്‍ 18വരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെ 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് നിലവില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ശക്തമായ മഴയില്‍ കെടുതി തുടരുന്നതിനിടെയാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തുവിടുന്നത്.

Railway announces change in timings as heavy rain continues in thiruvananthapuram
Previous Post Next Post

RECENT NEWS