അയ്യോ ചാര്‍ജ് തീര്‍ന്നു...! മൊബൈൽ ഉള്ളവര്‍ക്ക് ഇനി ആ പേടിവേണ്ട, ഇതാ എത്തി 50 വര്‍ഷം ചാര്‍ജ് തീരാത്ത ബാറ്ററി



ഫോണിന്റെ ചാർജ് തീരുമോ എന്ന് പേടിച്ച് പവർബാങ്കും തൂക്കി നടക്കുന്ന പരിപാടി തല്ക്കാലം ഉപേക്ഷിക്കാം. സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചാർജ് നിൽക്കില്ല എന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈന. അതി നൂതനമായ ബാറ്ററിയാണ് ചൈനീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചാർജിങ്ങോ മറ്റ് പരിപാലനമോ ഇല്ലാതെ തന്നെ 50 വർഷക്കാലം വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റാവോൾട്ട് എന്ന കമ്പനിയാണ് ഈ  ന്യൂക്ലിയർ ബാറ്ററിയ്ക്ക് പിന്നിൽ. 


വളരെ ചെറുതാണ് ഈ ബാറ്ററിയെന്ന് ഓൺലൈൻ മാധ്യമമായ ദി ഇൻഡിപെന്റന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 15 മില്ലിമീറ്റർ സമചതുരത്തിൽ അഞ്ച് മില്ലിമീറ്റർ ഉയരമുള്ള ഒരു നാണയത്തേക്കാൾ ചെറിയ മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. നിലവിൽ ബാറ്ററിയുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകൾ നടക്കുന്നുണ്ട്. 
ഫോണുകളും ഡ്രോണുകളും ഉൾപ്പെടെ വിവിധ വാണിജ്യ ആവശ്യങ്ങൾക്കായി ബാറ്ററിയുടെ വൻതോതിലുള്ള ഉല്പാദനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  എയറോസ്‌പേസ്, അത്യാധുനിക സെൻസറുകൾ, ചെറു ഡ്രോണുകൾ, മൈക്രോ റോബോട്ടുകൾ, എഐ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ പല രം​ഗങ്ങളിലേക്കും  ദീർഘകാലത്തേക്കുള്ള ഊർജ്ജവിതരണം ഉറപ്പാക്കാൻ തങ്ങളുടെ ആണവോർജ്ജ ബാറ്ററികൾക്ക് കഴിയുമെന്നാണ് ബീറ്റാവോൾട്ട് പറയുന്നത്. 

ന്യൂക്ലിയർ ബാറ്ററിക്ക് നിലവിൽ 3 വോൾട്ടിൽ 100 മൈക്രോവാട്ട് വൈദ്യുതി ആണ് ഉല്പാദിപ്പിക്കുക. 2025 ഓടെ 1 വാട്ട് ഊർജ്ജം ഉൽപ്പാദിപ്പിക്കാനാണ് ബീറ്റവോൾട്ട് ലക്ഷ്യമിടുന്നത്. കൂടാതെ ഇതിന്റെ  റേഡിയേഷൻ മനുഷ്യശരീരത്തിന് ഒരുതരത്തിലുള്ള ഭീഷണിയും ഉയർത്തുന്നില്ലെന്നും പേസ് മേക്കറുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് ഈ ബാറ്ററി അനുയോജ്യമാകുമെന്നും ബീറ്റവോൾട്ട് പറയുന്നു.


14-ാം പഞ്ചവത്സര പദ്ധതിയുടെ (2021-25) ഭാഗമായി ആണവോർജ്ജ ബാറ്ററികളുടെ വലിപ്പം കുറയ്ക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. തീപ്പിടിത്തം, പൊട്ടിത്തെറി പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന നടത്തിയിരിക്കുന്നത്.  60 ഡിഗ്രി സെൽഷ്യസ് മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ബാറ്ററിയ്ക്ക് പ്രവർത്തിക്കാനാകുമെന്നതും ഈ ബാറ്ററി പരിസ്ഥിതി സൗഹാർദ്ദമാണെന്നതുമാണ് മറ്റൊരു പ്രത്യകത.

China introduces revolutionary nuclear battery that lasts 50 years without charging 
Previous Post Next Post

RECENT NEWS