കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന സർവീസിന്റെ ഷെഡ്യൂൾ തിരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അടിയന്തിരമായി തിരുത്തണമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി അബ്ദുസമദ് സമദാനി എംപി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 85,000 രൂപ അധികം നൽകിക്കൊണ്ട് മാത്രമേ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് ഈ സാഹചര്യപ്രകാരം യാത്ര സാധ്യമാവുകയുള്ളൂ. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാഴ്ത്തുന്നതോടൊപ്പം കടുത്ത വിവേചനവും അനീതിയുമാണെന്ന് സമദാനി പറഞ്ഞു. കരിപ്പൂരിന്റെ കാര്യത്തിൽ റീടെൻഡറിംഗ് നടത്തി കൂടുതൽ എയർലൈനുകളെ പങ്കെടുപ്പിച്ചുകൊണ്ടോ മറ്റു രീതികൾ സ്വീകരിച്ചോ കുറഞ്ഞ ടിക്കറ്റ് ചാർജിന് തന്നെ ഹജ്ജ് യാത്രികർക്ക് സൗകര്യം ഏർപ്പെടുത്തുകയാണ് വേണ്ടത്.
ലഭ്യമായ വിവരപ്രകാരം കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും ഹജ്ജ് സർവീസ് നടത്താൻ ടെൻഡർ ഉറപ്പിച്ച എയർലൈൻസ് അല്ല കരിപ്പൂരിന്റെ കാര്യത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ടിക്കറ്റ് ചാർജ്ജിൽ കടുത്ത വർധനവിലേക്ക് നയിക്കുന്ന സാഹചര്യത്തിന്റെ പ്രധാന കാരണം ഈ വ്യത്യാസമാണ്. കേരളത്തിലും പുറത്തുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് മാത്രം ഉണ്ടായിരിക്കുന്ന ഈ വിവേചനം ഏറെ ആശങ്കാജനകമാണ്.
സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഇരട്ടിയോളം പേരാണ് ഇത്തവണ കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട് കാത്തിരിക്കുന്നത്. ഭീമമായ സംഖ്യയുടെ വർധനവ് താങ്ങാൻ കഴിയാതെ അവർ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്തു പോകേണ്ട സാഹചര്യവും ഈ നടപടിമൂലം ഉണ്ടായേക്കും. അതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു നീതീകരണവുമില്ലാത്ത നടപടി പിൻവലിക്കുകയും രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്ക് സമാനമായ രീതിയിൽ ടിക്കറ്റ് ചാർജും യാത്രാസൗകര്യവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്കും ഉറപ്പുവരുത്തണമെന്ന് സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.