അബുദാബി :മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ പ്രതിദിന സർവീസ് പുനരാരംഭിക്കുന്നു. കോവിഡ് കാലത്ത് നിർത്തിവച്ച സേവനമാണ് യാത്രക്കാരുടെ വർധന മൂലം പുനരാരംഭിക്കുന്നത്. നിലവിൽ കൊച്ചിയിലേക്കു മാത്രമാണ് ഇത്തിഹാദ് എയർവേയ്സ് സർവീസ് നടത്തുന്നത്.
അബുദാബിയിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും. 8 ബിസിനസ് ക്ലാസും 190 ഇക്കോണമിയും ഉൾപ്പെടെ 198 സീറ്റുകളുള്ള വിമാനമാണ് സർവീസ് നടത്തുക. അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ ഇറങ്ങും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് അർധരാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. പുതിയ സർവീസുകൾക്കായി ദുബായിൽനിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം.
കോവിഡ് കാലത്ത് ഇത്തിഹാദ് നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് ബജറ്റ് എയർലൈനായ എയർ അറേബ്യ സേവനം തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സർവീസ് നടത്തുന്നതോടെ ഈ സെക്ടറിൽ നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. വിദേശ രാജ്യങ്ങളിലെ പുതിയ സെക്ടറുകളിലേക്കും സർവീസ് പ്രഖ്യാപിക്കുകയും നിലവിലെ സെക്ടറുകളിൽ സേവനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഈ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇത്തിഹാദ് എയർവേയ്സിൽ കണക്‌ഷൻ വിമാനം ലഭിക്കാനും എളുപ്പമാകും.