കേരളം ഇന്നു ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

Trulli
കോക്കല്ലൂർ ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പോളിങ് സാമഗ്രികകൾ ഏറ്റുവാങ്ങി നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥർ

  

തിരുവനന്തപുരം:കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടർമാരുടെ വിരൽത്തുമ്പിൽ. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. 
വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങി 13 അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ടു ചെയ്യാം. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലെ 25,231 ബൂത്തുകളിലായി 1,01,176 ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിങ് സാധനങ്ങളുമായി ബൂത്തുകളിലെത്തി. ഇന്നു രാവിലെ 5.30 മണി മുതൽ മോക് പോളിങ് നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കും.  30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രത്തിന് തകരാർ സംഭവിച്ചാൽ അതത് സെക്ടർ ഓഫിസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥരെയും ദ്രുതകർമ സേനയെയും വിന്യസിച്ചു. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷ ഒരുക്കി.

ദേശീയ– സംസ്ഥാന രാഷ്ട്രീയ വിവാദങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചു സംസ്ഥാനത്തു 3 മുന്നണികളും ശുഭപ്രതീക്ഷയിലാണ്. 2019 ലെ നേട്ടത്തിനൊത്ത വിജയം യുഡിഎഫ് പ്രതീക്ഷിക്കുന്നത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് എതിരായ ഭരണവിരുദ്ധ വികാരം മുൻനിർത്തിയാണ്. ബിജെപി വിരുദ്ധതയിൽ ഊന്നിയും കോൺഗ്രസിന്റെ കർമശേഷിയിലും ആത്മാർഥതയിലും സംശയം പ്രകടിപ്പിച്ചുമുള്ള പ്രചാരണത്തിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കേന്ദ്രഭരണത്തിൽ തിരിച്ചുവരുമെന്നും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നുമുള്ള പ്രതീക്ഷ എൻഡിഎ നിലനിർത്തുന്നു. പതിവിലും കടുത്ത വേനൽച്ചൂടിലും പോളിങ് ശതമാനം കുറയില്ലെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 
സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ‘പിങ്ക്’ ബൂത്തുകളും 30 വയസ്സിൽ താഴെയുള്ളവർ നിയന്ത്രിക്കുന്ന 31 ‘യുവ’ ബൂത്തുകളും ഭിന്നശേഷി ജീവനക്കാർ നിയന്ത്രിക്കുന്ന 6 ബൂത്തുകളും സംസ്ഥാനത്തുണ്ട്.   ഭിന്നശേഷി വോട്ടർമാർക്കായി ബൂത്തുകളിൽ റാംപും വീൽചെയറുകളും സജ്ജമാക്കി. കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയ്‌ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടർമാർക്ക് യാത്രാസൗകര്യം എന്നിവയുമുണ്ട്. 

വോട്ടെടുപ്പ് നില തത്സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ടേൺഔട്ട് (Voter Turnout) ആപ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി. സംസ്ഥാനത്തെ മൊത്തവും മണ്ഡലം തിരിച്ചുമുള്ള നില അപ്പപ്പോൾ അറിയാം. തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ് ഉപയോഗിക്കാനാവുക.

Kerala goes to poll today in second phase of loksabha elections 2024
Previous Post Next Post

RECENT NEWS