കോട്ടയം:കോട്ടയം ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഗുരുവായൂർ -മധുര എക്സ്പ്രസിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അതേസമയം, ട്രയിനിൽ എങ്ങനെ പാമ്പു കയറിയെന്ന് വിശദീകരിക്കാൻ റെയിൽവേ തയാറായിട്ടില്ല. ഗുരുവായൂർ മധുര എക്സ്പ്രസിന്‍റെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരൻ തെങ്കാശി സ്വദേശി കാർത്തിക്കിനാണ് പാമ്പ് കടിയേറ്റത് . ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം .കാർത്തിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തിൽ റെയിൽവേയും ആർപിഎഫും ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും ട്രയിനിൽ പാമ്പിനെ കണ്ടെന്ന് സഹയാത്രക്കാർ പറഞ്ഞു. പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തിൽ പാമ്പു കടിക്കുളള ചികിത്സ തുടങ്ങിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഏഴാം നമ്പർ ബോഗി സീൽ ചെയ്ത ശേഷം ട്രയിൻ യാത്ര തുടർന്നു.
ഗുരുവായൂരിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാം എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം . എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വത്തിൻ്റെ കാര്യത്തിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. പാമ്പുകടിയേറ്റ യുവാവിന്റെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
The snake bite the passenger in Guruvayur Madhura express, passengers confirmed, It is unclear how the snake got into the train