കേരളത്തോട് ചിറ്റമ്മ നയമോ? തിരഞ്ഞെടുപ്പിന് ഇനി 6 നാൾ മാത്രം; സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതെ റെയിൽവേ


കോട്ടയം:റെയിൽവേ അറിഞ്ഞോ? 26ന് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പാണ്. പിന്നാലെ ശനി, ഞായർ ദിവസങ്ങൾ കൂടി എത്തുന്നതോടെ നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ് ഇതര സംസ്ഥാനങ്ങളിലുള്ളവർ. 25ന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ വിറ്റുതീർന്നു. സ്വകാര്യ ബസ് സർവീസുകൾ അവസരം മുതലെടുത്ത് നിരക്ക് കുത്തനെ ഉയർത്തി. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാത്ത റെയിൽവേ നിലപാടിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

നഷ്ടത്തിലെന്നു പറഞ്ഞ് മുതിർന്ന പൗരന്മാരുടെ അനുകൂല്യങ്ങൾ പോലും പുനഃസ്ഥാപിക്കാത്ത റെയിൽവേ ലാഭമുണ്ടാക്കാവുന്ന അവസരത്തിൽ കണ്ണടച്ച് ഇരുട്ടാക്കുന്നത് സ്വകാര്യ ബസ് ലോബിക്കുവേണ്ടിയാണെന്നും യാത്രക്കാർ ആരോപിക്കുന്നു. സ്വകാര്യ ബസുകളുടെ ടിക്കറ്റ് ഉയർന്ന നിരക്കിൽ ബുക്ക് ചെയ്യാൻ നിർബന്ധിതരാക്കിയ ശേഷം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ട് എന്തുകാര്യമെന്നാണ് ഉയരുന്ന ചോദ്യം.
തിരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലേക്ക് കെഎസ്ആർടിസി ഏഴും കർണാടക ആർടിസി പത്തും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ ഓൺലൈൻ റിസർവേഷനും ആരംഭിച്ചു. പതിവു സർവീസുകളിൽ സീറ്റില്ലാതെ വന്നതോടെയാണ് സ്പെഷലുകൾ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലേക്ക് റെയിൽവേ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളത്തിൻന്റെ കാര്യത്തിൽ ചിറ്റമ്മ നയമാണെന്നാണ് ആക്ഷേപം. 

no election special trains
Previous Post Next Post

RECENT NEWS