വേനൽമഴയിലും പ്രളയസമാനം; കാലവർഷമെത്തും മുൻപേ സ്ഥിതി ഗുരുതരം



തിരുവനന്തപുരം:കാലവർഷമെത്തും മുൻപേ സംസ്ഥാനത്തെ 7 ജില്ലകളിൽ പ്രളയസമാന സ്ഥിതിവിശേഷമുണ്ടായതായി റവന്യു– ദുരന്തനിവാരണ വകുപ്പുകളുടെ സംയുക്ത റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴക്കാലത്തിനു മുൻപേ ഈ ഗുരുതര സാഹചര്യം. വെള്ളക്കെട്ട് ഉൾപ്പെടെ മഴയുമായി ബന്ധപ്പെട്ട പ്രകൃതിക്ഷോഭങ്ങൾ 217 വില്ലേജുകളെ ബാധിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.

മേയ് 14നു ശേഷം 19 പേരാണു മരിച്ചത്. ഇതുവരെ 7500 പേരെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങൾ 111 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നു. എണ്ണൂറ്റൻപതോളം വീടുകൾ തകർന്നു. മാർച്ച് 1 മുതൽ മേയ് 30 വരെ കേരളത്തിൽ 40% അധികമഴ പെയ്തു. ഇതിലേറെയും മേയ് മാസമാണു ലഭിച്ചത്. സാധാരണ ശരാശരി 34.74 സെന്റിമീറ്റർ വേനൽമഴയാണു സംസ്ഥാനത്താകെ ലഭിക്കുക. എന്നാൽ, ഇത്തവണ ശരാശരി 48.57 സെന്റിമീറ്റർ പെയ്തു. 
വില്ലേജ് മുതൽ ജില്ലാതലം വരെ ദിവസേന വിവരം ശേഖരിച്ചു തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും സമർപ്പിച്ചിട്ടുണ്ട്. കാലവർഷം എത്തിയതായി പ്രഖ്യാപനം വന്നതോടെ ഇനിയുള്ള മഴക്കെടുതികൾ കാലവർഷക്കെടുതിയുടെ ഭാഗമായാണു കണക്കാക്കുക. ഇപ്പോൾ‍, തെക്കൻ കേരളത്തിൽ അറബിക്കടലിൽ ചക്രവാതച്ചുഴിയും കേരള തീരത്ത് പടിഞ്ഞാറൻ കാറ്റും നിലനിൽക്കുന്നു. കേരളതീരത്തുനിന്ന് അടുത്ത 2 ദിവസം മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. 3 മരണം; 2 പേരെ കാണാതായി ആലപ്പുഴ ജില്ലയിൽ ഇന്നലെ 2 പേർ മുങ്ങിമരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് ഇടത്തട്ടിൽ അശോകൻ (65), കായംകുളം ചെറിയ പത്തിയൂർ‍ മങ്ങാട്ടുശേരിൽ ആനന്ദവല്ലി (65) എന്നിവരാണു മരിച്ചത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസം മഴക്കെടുതിക്കിടെ കണിയാംതോട്ടിൽ കാണാതായ മുഹമ്മദ്‌ നൂഹിന്റെ മൃതദേഹം കണ്ടുകിട്ടി. പിറവന്തൂർ വില്ലേജിലെ വത്സലയെ കല്ലടയാറ്റിലും ആദിച്ചനല്ലൂർ വില്ലേജിലെ രാജശേഖരൻ നായരെ കല്ലടയാറ്റിലും വീണ് കാണാതായി.

Report of Revenue and Disaster Management states that flood like conditions occurred in Kerala before monsoon
Previous Post Next Post

RECENT NEWS