രാജ്യത്തെ മുൻനിര ടെലകോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ പുതിയ പോസ്റ്റ്‌പെയ്ഡ് കുടുംബ പ്ലാനുകള്‍ അവതരിപ്പിച്ചു. 'ജിയോ പ്ലസ്' സേവനത്തിനു കീഴിലാണ് പുതിയ പദ്ധതി. നാലംഗ കുടുംബത്തിന് ഇത് ഒരു മാസത്തേക്ക് ഫ്രീയായി പരീക്ഷിച്ചു നോക്കാം. പ്ലാനുകള്‍ തുടങ്ങുന്നത് 399 രൂപ മുതലാണ്. ഇതിലേക്ക് മൂന്നു പേരെ കൂടി സിം ഒന്നിന് 99 രൂപ വച്ച് ചേര്‍ക്കാം. അതായത് നാലു പേരുടെ കുടംബത്തിന് 696 രൂപ (399 + 99 x 3). പദ്ധതിയില്‍ ചേരുന്ന ആളുടെ നമ്പറിന് ജിയോ ട്രൂ 5ജി വെല്‍ക്കം ഓഫര്‍ ഉണ്ടെങ്കില്‍ പരിധിയില്ലാതെ 5ജി ഡേറ്റ ഉപയോഗിക്കാനും സാധിക്കും. ഇതിനു പുറമെ, ഇഷ്ടമുളള മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. കൂടാതെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ജിയോടിവി, ജിയോ സിനിമ തുടങ്ങിയവയും ലഭിക്കും.
പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുത്ത ശേഷം വേണ്ടെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അത് ഉപേക്ഷിക്കാന്‍ അനുവദിക്കുമെന്നും കമ്പനി പറയുന്നു. ഗുണദോഷങ്ങള്‍ മനസ്സിലാക്കാൻ ശേഷിയുള്ള ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് പുതിയ പ്ലാനെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. ചില ഉപയോക്താക്കള്‍ക്ക് ജിയോയിലേക്ക് മാറാന്‍ ആഗ്രഹമുണ്ട്. അത്തരക്കാര്‍ക്ക് ഫ്രീ ട്രയല്‍ ഉപയോഗിച്ച് ജിയോ സേവനത്തെക്കുറിച്ച് സ്വന്തം അഭിപ്രായം രൂപീകരിക്കാം.
ജിയോ പ്ലസിന്റെ തുടക്ക പ്ലാനിന് 399 രൂപയാണ് നല്‍കേണ്ടത്. പരിധിയില്ലാത്ത കോളുകള്‍, എസ്എംഎസ്, പ്രതിമാസം 75 ജിബി ഡേറ്റ എന്നിവ ആയിരിക്കും ലഭിക്കുക. കൂടുതല്‍ പ്രീമിയം പ്ലാനായ 799 രൂപയ്ക്ക് 100 ജിബി ഡേറ്റ ലഭിക്കും. കൂടാതെ, ഇതിലാണ് ഒടിടി പ്ലാറ്റ്‌ഫോം അംഗത്വവും ലഭിക്കുക. ഇരു പ്ലാനുകളിലും 3 കൂടുംബാംഗങ്ങളെ ചേര്‍ക്കാം.
പുതിയ പ്ലാന്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ 70000 70000 നമ്പറിലേക്ക് വിളിക്കുക. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. സുരക്ഷാ നിക്ഷേപം ഒഴിവാക്കുന്നത് ഇവിടെ വച്ചാണ്. പോസ്റ്റ്‌പെയ്ഡ് സിം ഫ്രീയായി വീട്ടിലെത്തിച്ചു നൽകാനുള്ള ഓപ്ഷനും ഉണ്ട്. ഇത് വീട്ടിലെത്തിക്കുന്ന സമയത്ത് വേണമെങ്കില്‍ കൂടുതലായി മൂന്നു സിം കൂടി ചോദിച്ചു വാങ്ങാം. ഇത് വേണമെങ്കില്‍ മാത്രം മതി. ആക്ടിവേഷന്‍ സമയത്ത് ഒരോ സിമ്മിനും 99 രൂപ വീതം അധികം നല്‍കണം. മൂന്നു കുടുംബാംഗങ്ങളെ വരെ പ്രധാന അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇത് മൈജിയോ ആപ്പില്‍ ആയിരിക്കും ചെയ്യാനാകുക. തുടര്‍ന്ന് പ്ലാന്‍ ബെനഫിറ്റ്‌സ് കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാം.
299 രൂപയുടെ മറ്റൊരു ജിയോ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 30 ജിബി മൊത്തം ഡേറ്റ, അൺലിമിറ്റഡ് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയുണ്ട്. ഈ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 375 രൂപയാണ്. ഈ പാക്കിൽ സൗജന്യ ട്രയൽ സ്കീമൊന്നുമില്ല. 599 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് കോളുകളും ഡേറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. ഇത് ഒരു മാസത്തെ സൗജന്യ ട്രയലിനായി ലഭ്യമാണ്. ഈ പാക്കിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 750 രൂപയാണ്.
അതേസമയം, ജിയോ ഫൈബർ ഉപയോക്താക്കൾ, കോർപ്പറേറ്റ് ജീവനക്കാർ, നിലവിലുള്ള ജിയോ ഇതര പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ, മികച്ച ക്രെഡിറ്റ് സ്‌കോറുകൾ ഉള്ളവർ എന്നിവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയിരിക്കുന്നു. നിങ്ങളൊരു ജിയോ പ്രീപെയ്ഡ് ഉപയോക്താവാണെങ്കിൽ സിം മാറ്റാതെ തന്നെ പോസ്റ്റ്പെയ്ഡ് ഫ്രീ ട്രയലിലേക്ക് അപ്ഗ്രേഡ് ചെയ്യാം. ഇതിനായി, മൈജിയോ ആപ്പിലേക്ക് പോകുക > prepaid to postpaid ഓപ്ഷൻ തിരഞ്ഞെടുക്കുക > OTP പരിശോധന പൂർത്തിയാക്കി ഫ്രീ-ട്രയൽ പ്ലാൻ തിരഞ്ഞെടുക്കുക. തുടർന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റിലേക്ക് പണമടയ്ക്കാനും ആപ് ആവശ്യപ്പെടും.
Jio NEW PLAN