വേസ്റ്റ് ടു എനർജി: നടപ്പാക്കാൻ തീരുമാനിച്ചത് 9 പദ്ധതികൾ മുന്നോട്ടുപോയത് കോഴിക്കോട്ടു മാത്രം



തിരുവനന്തപുരം∙:മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന 9 പ്ലാന്റ് കെഎസ്ഐഡിസി വഴി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഒരു പദ്ധതിക്കു പോലും ഇതുവരെ വായ്പാ സഹായം ലഭിച്ചില്ല. കോഴിക്കോട്ടെ പ്ലാന്റിനു പവർ ഫിനാൻസ് കോർപറേഷൻ 222 കോടി രൂപ വായ്പയായി നൽകാമെന്നു സമ്മതിച്ചെങ്കിലും അന്തിമ കരാറിലേക്ക് എത്തിയിട്ടില്ല. വിവാദത്തിലായ സോണ്ട ഇൻഫ്രാടെക് കമ്പനി ഉൾപ്പെട്ട കൺസോർഷ്യമാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കൊച്ചി, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ഐഡിസി വഴി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാനാണു സർക്കാർ ആദ്യം തീരുമാനിച്ചത്. ഡൽഹി ആസ്ഥാനമായ ഐആർജി സിസ്റ്റംസ് സൗത്ത് ഏഷ്യ എന്ന കൺസൽറ്റൻസിയാണ് ഇതിനായി സാധ്യതാ പഠനം നടത്തിയത്. ഈ സമയത്ത് കൊച്ചി കോർപറേഷൻ സ്വന്തം നിലയ്ക്കു പ്ലാന്റ് നിർമിക്കാൻ ജി.ജെ.എക്കോ പവർ എന്ന കമ്പനിയെ ഏൽപിച്ചിരുന്നു. ഈ കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടപ്പോഴാണു കൊച്ചിയിലെ പ്ലാന്റ് നിർമാണം കൂടി കെഎസ്ഐഡിസി വഴിയാക്കിയത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പ്ലാന്റുകളിൽ മാത്രമാണു മാലിന്യം ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മറ്റിടങ്ങളിൽ മാലിന്യത്തിൽനിന്നു ബയോ ഗ്യാസും വളവുമാണ് ഉൽപാദിപ്പിക്കുക.

പ്ലാന്റ് പദ്ധതികളുടെ സ്ഥിതി ഇങ്ങനെ:

കോഴിക്കോട്: കോർപറേഷന്റെ കയ്യിലുള്ള ഞെളിയൻപറമ്പിലെ 12.67 ഏക്കറിലാണു നിർമാണം. കരാർ സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട മലബാർ വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യത്തിന്. 358 കോടിയുടെ പദ്ധതിക്കായി 222 കോടി രൂപ വായ്പയെടുക്കും. 58 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന, കേന്ദ്ര സർക്കാരുകളും ഗുണഭോക്താക്കളായ തദ്ദേശസ്ഥാപനങ്ങളും നൽകണം. അന്തിമ കരാർ വച്ച്, ഭൂമി ഉപ പാട്ടത്തിനു കെഎസ്ഐഡിസി കൈമാറിയാൽ വായ്പ ലഭിക്കും.

കണ്ണൂർ: ചേലോറയിലെ കോർപറേഷന്റെ കയ്യിലുള്ള 9.6 ഏക്കറിലാണു നിർമാണം. ബ്ലൂ പ്ലാനറ്റ് സൊലൂഷൻ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ. വർക്ക് ഓർഡർ നൽകി. ലെഗസി മാലിന്യം മുഴുവൻ നീക്കിയെങ്കിൽ മാത്രമേ നിർമാണ നടപടികൾ തുടങ്ങുകയുള്ളൂ. വായ്പ ലഭ്യമായിട്ടില്ല.

പാലക്കാട് : കഞ്ചിക്കോട് കെഎസ്ഇബിയുടെ 11 ഏക്കറിലാണു നിർമാണം. ബ്ലൂ പ്ലാനറ്റ് സൊലൂഷൻ എന്ന കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ. വർക്ക് ഓർഡർ നൽകി. നിർമാണ നടപടികളിലേക്കു കടന്നിട്ടില്ല.


കൊല്ലം: കുരീപ്പുഴയിൽ കൊല്ലം കോർപറേഷന്റെ 7 ഏക്കറിലാണു നിർമാണം. കരാർ സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട വേണാട് വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യത്തിന്. വായ്പയ്ക്കു വേണ്ടി ശ്രമം നടക്കുന്നു. ബഫർ സോണിനായി ഏറ്റെടുക്കേണ്ട സ്ഥലവുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുള്ളതിനാൽ വായ്പ ലഭിക്കാൻ തടസ്സം.

കൊച്ചി: ബ്രഹ്മപുരത്തു കോർപറേഷന്റെ 20 ഏക്കറിലാണു നിർമാണം. സോണ്ട ഇൻഫ്രാടെക് ഉൾപ്പെട്ട കൊച്ചി വേസ്റ്റ് മാനേജ്മെന്റ് എന്ന കൺസോർഷ്യവുമായി കരാർ ഒപ്പിട്ടുവെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോർപറേഷനും ജില്ലയിലെ 13 നഗരസഭകളും സോണ്ടയുമായി കരാർ ഒപ്പിടേണ്ടതുണ്ട്. എന്നാൽ കോർപറേഷൻ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല.

മലപ്പുറം: സ്ഥലം ഉറപ്പിച്ചിട്ടില്ല. മുൻപു കണ്ടെത്തിയ രണ്ടിടത്ത് പ്രാദേശിക പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. നിലവിൽ കിൻഫ്ര പാർക്കിനോട് ചേർന്നുള്ള ചെല്ലൂർ കുന്നിൽ പ്ലാന്റ് സ്ഥാപിക്കാൻ ആലോചനയുണ്ടെങ്കിലും നിയമ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇവിടെയും പ്രതിഷേധമുണ്ട്.

തിരുവനന്തപുരം: പെരിങ്ങമലയിൽ കൃഷിവകുപ്പിന്റെ 15 ഏക്കറാണു കണ്ടെത്തിയതെങ്കിലും ഈ സ്ഥലം വേണ്ടെന്നു വച്ചു. പുതിയ സ്ഥലത്തിനായി അന്വേഷണം നടക്കുന്നു.

തൃശൂർ: ലാലൂരിൽ കോർപറേഷന്റെ കയ്യിലുള്ള 15 ഏക്കറാണു കണ്ടെത്തിയതെങ്കിലും ഇവിടെ പദ്ധതി അൽപം പോലും മുന്നോട്ടുപോയിട്ടില്ല.


മൂന്നാർ: നല്ലതണ്ണി എസ്റ്റേറ്റിലെ രണ്ടേക്കറിൽ ചെറിയ വേസ്റ്റ് ടു എനർജി പ്ലാന്റ് ആലോചിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് ഇതിൽനിന്നു പിൻമാറി.

മാനദണ്ഡം മാറി; കൺസോർഷ്യം വന്നു

പ്ലാന്റിൽ നിർമിക്കുന്ന വൈദ്യുതി വിൽക്കുന്നതിലൂടെയുള്ള വരുമാനം മാത്രം കമ്പനിക്കു ലഭിക്കുന്നതായിരുന്നു ആദ്യത്തെ ഘടന. ഇതിനു പുറമേ, ശേഖരിക്കുന്ന ഓരോ ടൺ മാലിന്യത്തിനും കമ്പനി നിശ്ചയിക്കുന്ന തുക കൂടി നൽകേണ്ട ടിപ്പിങ് ഫീ രീതിയാണു രണ്ടാമതു കൊണ്ടുവന്നത്. ഒരു മെഗാവാട്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമിച്ച്, കുറഞ്ഞത് ഒരു വർഷം പരിപാലിച്ച പരിചയം വേണമെന്നായിരുന്നു ആദ്യ നിബന്ധന. 

പ്രവർത്തന പരിചയം ഇന്ത്യയിലോ വിദേശത്തോ എന്നാക്കി ഇതു പരിഷ്കരിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ കൺസോർഷ്യത്തിലെ ഏതെങ്കിലും ഒരു കമ്പനിക്കുണ്ടായാൽ മതിയെന്നും നിബന്ധന പരിഷ്കരിച്ചു. ജർമനിയിലെ ബോവർ ജിഎംപിഎക്സ്, ഇറ്റലിയിലെ ടിഎംഇ എസ്പിഎ മെക്കാനിക്ക എന്നീ കമ്പനികളാണു സോണ്ടയുടെ കൺസോർഷ്യത്തിലുള്ളത്. ഇറ്റലിയിലെയും പോർച്ചുഗലിലെയും പ്ലാന്റുകളാണു വിദേശ കമ്പനികൾ നടത്തിയത്.പുതുതായി ചേർത്ത 2 മാനദണ്ഡങ്ങളും സോണ്ടയുടെ കൺസോർഷ്യത്തിനു സഹായകരമായി. 

പ്ലാന്റ് ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും 2 വർഷത്തെ സമയമാണു നേരത്തേ നൽകിയിരുന്നതെങ്കിൽ, പുതിയ ഉത്തരവിൽ സമയപരിധി എടുത്തുകളഞ്ഞു. ഇക്കാരണത്താൽ പ്ലാന്റ് എത്ര വൈകിയാലും ടെൻഡർ റദ്ദാക്കാനാകില്ല.

Waste to energy project
Previous Post Next Post

RECENT NEWS