അക്ഷയ തൃതീയ 2023: ജ്വല്ലറികൾ നിറഞ്ഞു കവിഞ്ഞു; പൊടിപൊടിച്ച് സ്വർണോത്സവംതിരുവനന്തപുരം: സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം ഇന്ന് സ്വർണോത്സവം ആഘോഷിച്ചു. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്. ഈദ് ആഘോഷം കൂടിയായതോടെ ജ്വല്ലറികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കായിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.  
സ്വർണവിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ് ഉണ്ടായിട്ട് പോലും ഉപഭോക്താക്കളുടെ എണ്ണം ഉയരുകയാണ് ചെയ്തതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ  ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. സ്വർണാഭരണ വിപണിയിൽ സന്ധ്യ കഴിഞ്ഞും വ്യാപാരം തുടരുകയാണ്. ജ്യോതിശാസ്ത്ര പ്രകാരം ഈ വർഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രിൽ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാൽ 2 ദിവസമായാണ്  അക്ഷയതൃതീയ ആഘോഷിക്കുന്നത്. 

7 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഇന്ന് കേരളത്തിലെ 12000 ഓളം സ്വർണ വ്യാപാരശാലകളിലേക്കെത്തിച്ചേർന്നത്. ഇന്ന് കൂടുതലും ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിൽപനയാണ് നടന്നതെന്ന് അബ്ദുൽ നാസർ പറഞ്ഞു. സ്വർണ നാണയങ്ങളോടൊപ്പം തന്നെ  ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെയും വിൽപന നടന്നതായി അദ്ദേഹം പറഞ്ഞു. 

ആദ്യ ദിവസം തന്നെ കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനത്തിലധികം വ്യാപാരം നടന്നതായാണ് റിപ്പോർട്ട്. ഇന്ന് സ്വർണവില കുറഞ്ഞതും വ്യാപാരത്തോത് ഉയർത്തി. നാളെയും സ്വർണോത്സവം തുടരും. അക്ഷയ തൃതീയ മുഹൂർത്തം നാളെയും ഉള്ളതിനാൽ സാധാരണ പ്രവർത്തി സമയത്തിനേക്കാൾ മുൻപ് തന്നെ ജ്വല്ലറികൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് എസ്.അബ്ദുൽ നാസർ പറഞ്ഞു. 

Akshaya Tritiya 2023 gold sale updates
Previous Post Next Post

RECENT NEWS