തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപ്പിടിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഏകദേശം 1.30 ക്ക് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. സിറ്റിപോലീസ് കമ്മീഷണർ സപർജൻ കുമാർ സ്ഥലത്തെത്തി.
തീയണക്കുന്നതിനിടെയായിരുന്നു അഗ്നിശമന സേനാംഗമായ രഞ്ജിത്തിന്റെ മരണം. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50 ന് മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു.
Firefighter Dies in Thiruvananthapuram Kinfra Park Fire