എഐ വച്ച് പിഴയിടുമോ, എങ്കിൽ ഞങ്ങള്‍ ഫ്യൂസ് ഊരും!എംവിഡിക്ക് കിട്ടിയ 'പണി', കെഎസ്ഇബിയുടെ പ്രതികാരം? ട്രോളുകൾമാനന്തവാടി: വാഹനത്തേക്കൾ വലിയ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വണ്ടിക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടാൽ, വൈദ്യുതി വകുപ്പ് പകരം വീട്ടുമോ? ബിൽ അടയ്ക്കാത്തതിന് വയനാട് എൻഫോഴ്സ്മെന്‍റ് ആർടി ഓഫീസിന്‍റെ ഫ്യൂസ് ഊരിയത് പകരം വീട്ടലാണോ? വയനാട്ടുകാര്‍ക്ക് നിറയെ ചോദ്യങ്ങളാണ് ഉള്ളത്. കൽപ്പറ്റ മാനന്തവാടി പാതയിലെ കൈനാട്ടിയിലാണ് എൻഫോഴ്സ്മെന്‍റ് ആ‍ർടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ ഉച്ചയോടെ കെഎസ്ഇബി സംഘം എത്തി ഇവിടുത്തെ ഫ്യൂസ് ഊരി കൊണ്ട് പോയി. രണ്ട് മാസത്തെ ബിൽ മുടങ്ങിയതാണ് കാരണം. ബില്ലടയ്ക്കാൻ ആരും മറന്നതല്ല, ഫണ്ട് വൈകിയതാണ് കാരണം. ആകെ ഇരുട്ടിലായതോടെ, താത്കാലിക സംവിധാനമൊരുക്കി എംവിഡി വൈദ്യുതി ബില്ലടച്ചു. ഇന്ന് ഉച്ചയോടെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനസ്ഥാപിച്ച് കൊടുക്കുകയും ചെയ്തു. എഐ ക്യാമറയുടെ ജില്ലയിലെ പിഴ പ്രോസസിംഗ് നടക്കുന്ന ഓഫീസാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്.

ഇതിന് പിന്നിൽ ഒരു പ്രതികാരത്തിന്‍റെ കഥയുണ്ടോ... ആ സംഭവം ഇങ്ങനെ. കഴിഞ്ഞ ആഴ്ച കെഎസ്ഇബി അറ്റകുറ്റപ്പണി നടത്താൻ കരാർ എടുത്ത ജീപ്പിൽ വലിയ തോട്ടി കയറ്റിയതിന് 20,500 രൂപ എഐ ക്യാമറ പിഴയിട്ടിരുന്നു. അമ്പലവയൽ സെക്ഷന് കീഴിലെ ഓഫീസിനാണ് എഐ വക നല്ല 'പണി' കിട്ടിയത്. ഈ സംഭവം വാര്‍ത്ത ആയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും തമാശകളും നിറഞ്ഞു.


ഈ വിഷയത്തിലെ ചര്‍ച്ചകള്‍ അടങ്ങും മുമ്പാണ് എംവിഡി ഓഫീസിനെ ഇരുട്ടിലാക്കി അതേ കെഎസ്ഇബി അധികൃതര്‍ എത്തി മോട്ടോർ വാഹന വകുപ്പിന്‍റെ ഫ്യൂസ് ഊരി കൊണ്ട് പോയത്. സാധാരണ സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവ് നൽകാറുണ്ടെങ്കിലും കെഎസ്ഇബി ഇപ്പോള്‍ പകരം ചോദിച്ചതാണ് എന്നാണ് നാട്ടുകാരുടെ അടക്കം പറച്ചിൽ. അടിക്ക് തിരിച്ചടി, നിങ്ങൾ പിഴയിട്ടാൽ ഞങ്ങൾ ഫ്യൂസൂരും എന്ന നിലയ്ക്കാണോ കാര്യങ്ങള്‍ എന്നാണ് നാട്ടുകാരുടെ ചോദ്യങ്ങള്‍. എന്തായാലും ട്രോളന്മാര്‍ ആഘോഷത്തിലാണ്. കഴിഞ്ഞ ആഴ്ച കെഎസ്ഇബിയാണ് ട്രോളുകളില്‍ നിറഞ്ഞതെങ്കില്‍ ഇത്തവണ അത് എംവിഡി ആണെന്ന് മാത്രം..!

ai camera fine for kseb mvd office fuse cut by kseb reasons and troll details
Previous Post Next Post

RECENT NEWS