വായ്പ ആവശ്യമുണ്ടോ, അല്ലെങ്കിൽ എടുക്കാൻ പ്ലാനുണ്ടോ? സിബിൽ സ്കോർ അറിയണം, മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങൾ ഇവ



ഒരു വീട് വയ്ക്കാൻ അല്ലെങ്കില്‍ പുതിയ കാർ വാങ്ങാൻ... അങ്ങനെ ആവശ്യങ്ങൾ പലവിധമുണ്ടാകും. ഇതിനുള്ള പണത്തിനായി വായ്പയ്ക്ക് ബാങ്കുകളിലെത്തുമ്പോൾ ആണ് സിബിൽ സ്കോറിനെപ്പറ്റി ചിന്തിക്കുക. കാരണം വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. വായ്പ നൽകാനോ ക്രെഡിറ്റ് കാർഡുകൾ നൽകാനോ ധനകാര്യ സ്ഥാപനങ്ങൾ തീരുമാനിക്കുമ്പോൾ വായ്പാക്കാരന്റെ സിബിൽ സ്കോർ ബാങ്കുകൾ പരിശോധിക്കും. കുറഞ്ഞ സിബിൽ സ്കോർ ആണെങ്കിൽ വായ്പാ ചെലവും കൂടും.
ഇനി മികച്ച സിബിൽ സ്കോറാണ് നിങ്ങളുടെതെങ്കിൽ വലിയ പ്രയാസമില്ലാതെ ലോൺ ലഭ്യമാവുകയും, കുറഞ്ഞ പലിശയ്ക്ക് വായ്പാതുക ലഭിക്കുകയും ചെയ്യും. സിബിൽ സകോർ ഒരു ഉപഭോക്താവിന്റെ സാമ്പത്തിക അച്ചടക്കവും, മറ്റ് വായ്പാ ചരിത്രങ്ങളും, തിരിച്ചടവുകളുമെല്ലാം കാണിക്കുന്നു. ഏതെങ്കിലും ബാങ്കിൽ നിന്ന് വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോർ സൂക്ഷിക്കേണ്ടത് പ്രധാനമാണ് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താനുള്ള ചില വഴികൾ അറിയാം.

1) മെച്ചപ്പെട്ട സിബിൽ  സ്‌കോറിന് ക്രെഡിറ്റ് വിനിയോഗ അനുപാതം 30 ശതമാനത്തിൽ കൂടാതെ നോക്കണം. കാർഡിന്റെ നിലവിലുള്ള പരിധിക്കുള്ളിൽ തുടരാൻ നിങ്ങൾ പ്രയാസപ്പെടുന്നുണ്ടെങ്കിൽ, ഉയർന്ന പരിധിയിലുള്ള ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കാൻ സഹായകരവുമാകും.

2) വായ്പകളുടെ തിരിച്ചടവ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കുക തന്നെ ചെയ്യും. അതിനാൽ, മെച്ചപ്പെട്ട സിബിൽ സ്കോർ നിലനിർത്താൻ ഏതെങ്കിലും വായ്പാ കുടിശ്ശിക കൃത്യ സമയത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്.


3) ഉയർന്ന സിബിൽ സ്കോർ ലഭിക്കുന്നതിന് വായ്പാ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുക. ക്രെഡിറ്റ് കാർഡ് ഈടില്ലാത്ത വായ്പയാണ്. അതേസമയം ഭവന, വാഹന വായ്പകൾ ഈടുള്ളതുമാണ്, ക്രെഡിറ്റ് കാർഡിനെ അപേക്ഷിച്ച് സുരക്ഷിതമായ കടവുമാണ്.

എന്താണ് സിബിൽ സ്കോർ ?

300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. സാധാരണയായി, 750-ന് മുകളിലുള്ള ഒരു സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു. മികച്ച സ്കോർ ഉള്ള ഒരാൾക്ക് ലോൺ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ഒരു വ്യക്തി വായ്പാ തിരിച്ചടവിൽ കുടിശ്ശിക ഉണ്ടാക്കിയിട്ടുണ്ടോ എന്നും  വെളിപ്പെടുത്തുന്നു. ഈ സ്കോർ വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെയും ബാധ്യത ചരിത്രത്തിന്റെയും മൊത്തത്തിലുള്ള ഒരു ചിത്രം ധനകാര്യ സ്ഥാപനത്തിന് നൽകുന്നു.

how to improve cibil score follow these steps explained
Previous Post Next Post

RECENT NEWS