ഓൺലൈനിൽ ലുഡോ കളിച്ച് പണം പോയി, മാല വാങ്ങാനെന്ന മട്ടിൽ കുട്ടിയുമായി ജ്വല്ലറിയിലെത്തി മോഷണം, യുവതി പിടിയിൽ



തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഓട്ടുപാറയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്നും സ്വർണ്ണം വാങ്ങാനെന്ന വ്യാജേന കുട്ടിയുമായി വന്ന് മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്.ഓണ്‍ലൈൻ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ജ്വല്ലറിയിലെത്തിയ യുവതി ഒരു മാല തെരഞ്ഞെടുത്തു. പിന്നീട് ഈ മാലയുടെ ബില്ല് തയാറാക്കാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്ത് പോയി. യുവതി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം തൂക്കംവരുന്ന സ്വർണ്ണ മാല കാണാതായായി മനസിലാകുന്നത്.
മാല കാണാതായതോടെ ജ്വല്ലറി മാനേജരുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജ്വല്ലറിയിലെയും പ്രദേശത്തേയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുറ്റകൃത്യം നടത്തിയത് 20നും 30നും മധ്യേ പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നും നാലു വയസ് പ്രായം തോന്നിക്കുന്ന ഒരാണ്‍കുട്ടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് നിരവധി സി.സി.ടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതി സുജി തന്നെയാണെന്ന് പൊലീസ് കൃത്യത വരുത്തിയത്.

ചെറുതുരുത്തി സ്വദേശിയെ വിവാഹം കഴിച്ച് ഭര്‍ത്താവും മകനുമൊന്നിച്ച് നല്ലരീതിയില്‍ ജീവിച്ചുവരവെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ലൂഡോ കളിച്ച് നഷ്ടപ്പെട്ട പണം സ്വരൂപിക്കാനാണ് പ്രതി മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ തൃശൂര്‍ വടക്കേ ബസ്സ്റ്റാന്‍ഡിലെ ഒരു ജ്വല്ലറിയിലും വാണിയംകുളം ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ജ്വല്ലറിയിലും ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിനടുത്തുളള ഒരു ജ്വല്ലറിയില്‍നിന്നും ആലത്തൂരിലെ ഒരു ജൂവലറിയില്‍നിന്നും സമാന രീതിയിലുള്ള മോഷണം നടത്തിയിട്ടുള്ളതായും മോഷണം നടത്തിയ മാലകള്‍ പട്ടാമ്പി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.


തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സ്റ്റേഷന്‍ എസ്.എച്ച്.ഒ. മാധവന്‍കുട്ടി കെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുരാജ് ടി.സി, എ.എസ്.ഐ. ഹുസൈനാര്‍, എസ്.സി.പി.ഒമാരായ സജീവ്, സിംസണ്‍, പ്രസാദ്, ഗീത, ബിസ്മിത, സി.പി.ഒ. പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു.

woman arrested in thrissur for jewellery robbery after losing money through an online ludo game
Previous Post Next Post

RECENT NEWS