കപ്പലിലെ സീമാൻ, 60,000 ശമ്പളം; ഒരു വ‍ർഷമായി സ്ത്രീകളുടെ പേടിസ്വപ്നം, ചില്ലറക്കാരനല്ല ഈ കള്ളൻ; കുടുങ്ങിയതിങ്ങനെകൊച്ചി: ഒരു വർഷത്തിലേറെയായി എറണാകുളം കണ്ടെയ്നർ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പേടി സ്വപ്നമായ കള്ളനെ പൊലീസ് പിടികൂടി. മാല മോഷണ കേസിലെ പ്രതി ലക്ഷദ്വീപ് സ്വദേശി മുജീബ് റഹ്മാനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടെയ്നർ റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സ്വൈര്യം പോയിട്ട് നാളുകൾ ഏറെയായിരുന്നു. ടൂ വീലറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് ജനം പൊറുതി മുട്ടി.
ഒരു വർഷമായി പൊലീസ് തേടി നടന്ന കള്ളനാണ് ഇപ്പോൾ പിടിയിലായ മുജീബ് റഹ്മാൻ. ലക്ഷ്വദ്വീപ സ്വദേശിയായ മുജീബ് മാസം അറുപതിനായിരം രൂപ ശമ്പളം വാങ്ങുന്ന കപ്പൽ ജീവനക്കാരൻ കൂടിയാണ്. കൊച്ചി   ലക്ഷദ്വീപ് യാത്രാ കപ്പലിലെ സീമാനായ മുജീബ് കപ്പൽ അറ്റകുറ്റപ്പണിക്കായി തീരത്തടുക്കുന്ന ദിവസങ്ങളിലാണ് മോഷണം നടത്തിയിരുന്നത്. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ദിവസങ്ങളിൽ ലക്ഷദ്വീപ് രജിസ്ട്രേഷനിലുള്ള ബൈക്കിൽ നഗരത്തിൽ കറങ്ങും.

സന്ധ്യയ്ക്ക് ബോൾഗാട്ടി ജംക്‌ഷനിലെത്തി ഇരയ്ക്കായി കാത്തിരിക്കും. ഇരുചക്രവാഹനങ്ങളിൽ സ്വർണ മാലയും ധരിച്ചെത്തുന്ന സ്ത്രീകളെ നോട്ടമിട്ട് പിന്തുടരുന്നതാണ് പ്രതിയുടെ രീതി. വെളിച്ചം കുറഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തുമ്പോൾ മാല പൊട്ടിക്കുന്നതായിരുന്നു മുജീബിന്റെ രീതി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വല്ലാർപാടം പള്ളിയിൽ നിന്ന് മടങ്ങിവരുകയായിരുന്ന കൊങ്ങോർപ്പിള്ളി സ്വദേശിനിയുടെ നാല് പവനുള്ള മാല പൊട്ടിച്ച കേസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

അന്വേഷണം തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. അതിന് ശേഷം ആലങ്ങാട് താമസിക്കുന്നയാളുടെ മൂന്നര പവന്റെ മാലയും തട്ടിയെടുത്തു. സിസിടിവി ദൃശ്യങ്ങളും സമാനമായ കേസുകളിലെ പ്രതികളെയും നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ടെയ്നർ റോഡിൽ മഫ്തിയിൽ പൊലീസ് കാവലും ഏർപ്പെടുത്തി. രണ്ടാഴ്ച മുൻപ് ചേരാനല്ലൂർ സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരെയും കവർച്ചാ ശ്രമമുണ്ടായെങ്കിലും സ്വർണം നഷ്ടപ്പെട്ടില്ല.


കഴിഞ്ഞ ശനിയാഴ്ച സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിന്റെ ഹെഡ്‌ലൈറ്റ് ഓഫാക്കി ഒരാൾ പിന്തുടരുന്നത് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാർ കണ്ടു. ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തന്ത്രപരമായി മറുപടി നൽകി. ഇതിനിടെ മൊബൈൽ ടവർ ലൊക്കേഷനുകളും മറ്റും പരിശോധിച്ച് തെളിവ് നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കവർന്നെടുത്ത സ്വർണ്ണാഭരണങ്ങൾ കത്രിക്കടവിലുള്ള ഒരു ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയിരുന്നതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

chain snatching thief arrested in kochi
Previous Post Next Post

RECENT NEWS