മല്ലിയില ഇഷ്ടമല്ലേ? കഴിച്ചോളൂ കെട്ടോ... ഗുണങ്ങള്‍ പലതാണ്...



കറികള്‍ക്കോ മറ്റ് വിഭവങ്ങള്‍ക്കോ രുചിയോ ഫ്ളേവറോ കൂട്ടുന്നതിനാണ് നാം അധികവും മല്ലിയില ഉപയോഗിക്കാറ്. പലര്‍ക്കും മല്ലിയിലയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനെ കുറിച്ച് അറിയുക പോലുമില്ല എന്നതാണ് സത്യം. സത്യമാണ്, മല്ലിയിലയ്ക്ക് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇത്തരത്തില്‍ മല്ലിയില നമുക്കേകുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പ്രമേഹത്തിന്...

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രമേഹം അഥവാ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് മല്ലിയില സഹായിക്കും. മല്ലിയിലയിലുള്ള ചില എൻസൈമുകളാണത്രേ ഇതിന് സഹായിക്കുന്നത്. മല്ലിയിലയിട്ട വെള്ളം കുടിക്കുന്നതാണ് ഇതിന് ഏറ്റവും ഉത്തമം. മറ്റൊന്നും ചെയ്യാനില്ല. കുടിക്കാനുള്ള വെള്ളം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ ഇത്തിരി മല്ലിയില ഇട്ടുവയ്ക്കുക. ഇത് ദിവസം മുഴുവൻ അല്‍പാല്‍പമായി കുടിക്കാമല്ലോ. 

പ്രതിരോധശേഷി...

നമ്മെ അസുഖങ്ങളില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത് നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയാണല്ലോ. ഇതിന് ശക്തി പകരുന്നതിനും മല്ലയിലയ്ക്ക് സാധിക്കും. മല്ലിയിലയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായിക്കുന്നത്. 

ചര്‍മ്മത്തിന്...

നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മല്ലിയില ഉപകാരപ്രദമാണ്. ആസിഡ് അളവ് ശരീരത്തില്‍ കൂടുന്നത് മൂലം ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളകറ്റുന്നതിനാണ് പ്രധാനമായും മല്ലിയില സഹായിക്കുന്നത്. 
ദഹനത്തിന്...

ധാരാളം പേര്‍ പതിവായിത്തന്നെ നേരിടുന്നൊരു പ്രശ്നമാണ് ദഹനക്കുറവ്. ഇത് പരിഹരിക്കുന്നതിനും ഒരളവ് വരെ മല്ലിയില സഹായിക്കുന്നു. മല്ലിയിലയില്‍ ഫൈബര്‍ നല്ലതുപോലെ അടങ്ങിയിട്ടുള്ളതാണ്. ഇതാണ് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. 

ഹൃദയത്തിന്...

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മല്ലിയില സഹായകമാണ്. ശരീരത്തില്‍ നിന്ന് അധികമുള്ള സോഡിയത്തെ പുറന്തള്ളുന്നതിന് മല്ലിയില സഹായിക്കുന്നു. ഇത് ബിപി, കൊളസ്ട്രോള്‍ സാധ്യതകളെ പ്രതിരോധിക്കുകയോ അല്ലെങ്കില്‍ ഇവ നിയന്ത്രിക്കാൻ സഹായിക്കുകയോ ചെയ്യുന്നു. ഇതിലൂടെയാണ് മല്ലിയില ഹൃദയത്തിനും ഗുണകരമാകുന്നത്.

health benefits of coriander leaves
Previous Post Next Post

RECENT NEWS