സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി രജിസ്ട്രി



ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ശ്രമം. ഔദ്യോഗിക വെബ്‍സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്‍സൈറ്റുകള്‍ ഉണ്ടാക്കി ആളുകളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ശേഖരിച്ച് ദുരുപയോഗം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി അറിയിപ്പ് പുറപ്പെടുവിച്ചു. 


Read also

http://cbins/scigv.com,  https://cbins.scigv.com/offence എന്നിങ്ങവെയുള്ള അഡ്രസുകളിലാണ് വ്യാജ വെബ്‍സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വെബ്‍സൈറ്റുണ്ടാക്കി തട്ടിപ്പിന് ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങളും ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഔദ്യോഗിക വെബ്സൈറ്റിന്റെ ലക്ഷണങ്ങളുള്ള പേജില്‍ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള വിവരണവും പിന്നീട് വിവിധ ബോക്സുകള്‍ ഫില്‍ ചെയ്യാനുള്ള നിര്‍ദേശവുമാണ് ഉള്ളത്. ഇതില്‍ ബാങ്കിന്റെ പേര്, ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍, ഓണ്‍ലൈന്‍ ബാങ്കിങ് യൂസര്‍ ഐഡി, ലോഗിന്‍ പാസ്‍വേഡ്, കാര്‍ഡ് പാസ്‍വേഡ് എന്നിവയൊക്കെ ആവശ്യപ്പെടുന്നുണ്ട്.

ഇത്തരം വെബ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും അവരുടെ വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കരുതെന്നും ഇവ ദുരുപയോഗം ചെയ്യപ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു. സുപ്രീം കോടതിയോ സുപ്രീം കോടതി രജിസ്ട്രിയോ ആരുടെയും വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മറ്റെന്തെങ്കിലും രഹസ്യ വിവരങ്ങളോ ഇങ്ങനെ ആവശ്യപ്പെടില്ലെന്നും സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തട്ടിപ്പ് ശ്രമം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. 


www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് വെബ്സൈറ്റ് അഡ്രസ് പരിശോധിക്കണം. ആരെങ്കിലും ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‍വേഡുകള്‍ മാറ്റുകയും ബാങ്കിനെയും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെയും വിവരം അറിയിച്ച് അനധികൃത ഉപയോഗം തടയുകയും വേണമെന്നും സുപ്രീം കോടതിയുടെ അറിയിപ്പില്‍ പറയുന്നു.


Supreme court issues warning against cyber scam seeking personal information and financial details
Previous Post Next Post

RECENT NEWS