സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്, ഉപഭോക്താക്കൾക്ക് ജാഗ്രത വേണംകൊച്ചി: ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി സംസ്ഥാനത്ത് വിൽപ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂട്ടര്‍ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് എംവിഡിയടെ പ്രാഥമിക വിലയിരുത്തൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ട്രാൻസ്‍പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാൾ ഇത്തരം സ്കൂട്ടുകള്‍ വാങ്ങുമ്പോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ  ആവശ്യമില്ലാത്ത തരം  സ്കൂട്ടറുകളുടെ വില്‍പനയിലാണ് ഏതാനും മാസം മുമ്പ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മറ്റും വേണ്ട. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത്.  എന്നാല്‍ ഇത്തരം സ്കൂട്ടറുകളില്‍ സൂത്രപ്പണികളിലൂടെ വേഗത കൂട്ടുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. പല സ്കൂട്ടറുകളും 45 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ വേണ്ടി ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഒരു സ്കൂട്ടര്‍ ഷോറൂമില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തി പരിശോധന നടത്തിയപ്പോള്‍ ഇതിലെ തട്ടിപ്പ് വ്യക്തമായി. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തും അന്ന് നേരിട്ട് ആ ഷോറൂമിലെത്തിയിരുന്നു.

വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ സ്കൂട്ടര്‍ വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് ഡീലര്‍മാരെ സമീപിച്ചത്. പത്താം ക്ലാസ് പാസായ മകള്‍ക്കായി സ്കൂട്ടര്‍ വാങ്ങാനെന്ന് പറഞ്ഞ് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തു. അപ്പോള്‍ വേഗത 25 കിലോമീറ്ററില്‍ താഴെ തന്നെയായിരുന്നു. എന്നാല്‍ ഇതിന് വേഗത കുറവാണല്ലോ എന്ന് പരാതി പറഞ്ഞതോടെ അത് കൂട്ടാമെന്നും ഒരു സൂത്രപ്പണിയുണ്ടെന്നുമായി വില്‍പ്പനക്കാര്‍. അത് ചെയ്ത് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ വാഹനത്തിന്റെ പരമാവധി വേഗത 35 കിലോമീറ്ററായി ഉയര്‍ന്നു. 250 വാട്ട് ശേഷിയുള സ്കൂട്ടറുകള്‍ പക്ഷേ ആയിരം വാട്ടിനടുത്ത് വരെ പവര്‍ കൂട്ടി വില്‍ക്കുന്നുണ്ടെന്നും കണ്ടെത്തി. 


രണ്ട് ഷോറൂമുകളില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായതോടെ വിവിധ ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഡീലര്‍മാര്‍ സൂത്രപ്പണികളിലൂടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയാണെന്നാണ്  കണ്ടെത്തിയിരുന്നതെങ്കിലും സ്കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. വാഹനങ്ങളുടെ സ്‍പീഡോ മീറ്ററുകളില്‍ വേഗത കാണിക്കുന്നത് അനുവദനീയമായ പരിധിയില്‍ തന്നെ ആയിരിക്കുമെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത്തരം സ്കൂട്ടറുകള്‍ സഞ്ചരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. 

വണ്ടിയുടെ മോട്ടോറില്‍ നിന്ന് അധിക പവര്‍ ലഭിക്കാനായി പ്രത്യേക സ്വിച്ച് ഘടിപ്പിച്ചിട്ടുള്ളതും കണ്ടെത്തിയിരുന്നു. പല മോഡുകളുള്ള ഇത്തരം സ്വിച്ചുകളില്‍ ഒരു മോഡില്‍ ഓടിക്കുമ്പോള്‍ സാധാരണ പോലെ 25 കിലോമീറ്ററില്‍ താഴെ വേഗതയായിരിക്കും വാഹനത്തിന് ഉള്ളത്. എന്നാല്‍ സ്വിച്ച് ഉപയോഗിച്ച് മോഡ് മാറ്റി വാഹനത്തിന്റെ വേഗത 40 കിലോമീറ്ററിന് മുകളില്‍ എത്തിക്കുന്നതാണ് കണ്ടെത്തിയത്. നിയമ വിരുദ്ധമായ സൂത്രപ്പണികള്‍ നടത്തി വേഗത വര്‍ദ്ധിപ്പിച്ചിട്ടുള്ള സ്കൂട്ടറുകള്‍ വാങ്ങി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

mvd latest news big scam found in electric scooters sold in the state customers warned to be cautious
Previous Post Next Post

RECENT NEWS