കേരളാ പൊലീസിന് ലഭിച്ച ആ ഫോൺ സന്ദേശം, പിടിച്ചത് ഹൈടെക്ക് കോപ്പിയടി മാത്രമല്ല, ആൾമാറാട്ടവും!



തിരുവനന്തപുരം : ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഹൈടെക് കോപ്പിയടി മാത്രമല്ല, ആൾമാറാട്ടവും നടന്നതായി കണ്ടെത്തൽ. ഹരിയാന സ്വദേശികളായ സുനിത് കുമാർ, സുനിൽകുമാർ എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായതെന്നായിരുന്നു ഹോൾടിക്കറ്റ് രേഖകളിൽ നിന്നും പൊലീസ് കണ്ടെത്തൽ. എന്നാൽ പിടിയിലായവരുടെ യഥാർത്ഥ പേര് ഇതല്ലെന്നും മറ്റ് രണ്ട് പേരാണി ഈ പേരുള്ളവർക്ക് വേണ്ടി പരീക്ഷ എഴുതിയതെന്നുമുള്ള  വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. അപേക്ഷരായവർക്ക് വേണ്ടി പിടിയിലായവർ പരീക്ഷ എഴുതുകയായിരുന്നു. പിടിയിലായവരുടെ യഥാർത്ഥ വിലാസം കണ്ടത്താൻ ഹരിയാന പൊലീസുമായി ചേർന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഇയർ സെറ്റും മൊബൈൽഫോൺ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികൾ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്. 
നിർണായകമായത് കേരളാ പൊലീസിന് ലഭിച്ച ആ ഫോൺ സന്ദേശം 

തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും ഇന്ന് രാവിലെ ഒരു അജ്ഞാത ഫോൺ സന്ദേശം എത്തി. വിഎസ്എസ്സിയുടെ ടെക്നീക്ഷൻ - B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. ഉച്ചയോടെ കോട്ടൺ ഹിൽ, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളിൽ നിന്നും തിരിച്ച് പൊലീസിന് വിളിയെത്തി. രണ്ട് പേർ ഹൈടെക് രീതിയിൽ കോപ്പിയടിച്ചുവെന്നായിരുന്നു ഫോൺ കോൾ.  മെഡിക്കൽ കോളേജ്, മ്യൂസിയം സ്റ്റേഷനുകളിൽ നിന്നും പൊലീസ് എത്തി ഹരിയാന സ്വദേശികളായ സുമിത് കുമാർ സുനിൽ കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തു. 

തട്ടിപ്പ് നടത്തിയതിങ്ങനെ...

പ്രതികൾ പരീക്ഷാ ഹാളിലേക്ക് പോകും മുൻപ് വയറ്റിൽ ഒരു ബെൽറ്റ് കെട്ടി അതിൽ മൊബൈൽ ഫോൺ ഘടിപ്പിച്ചു വച്ചു. ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷർട്ടിന്റെ ബട്ടൺ ഹോളിനോട് ചേർത്ത് ഒട്ടിച്ച് വച്ചു. ക്യാമറ ഓൺ ചെയ്ത് പരീക്ഷാ ഹാളിൽ കയറി. ഷർട്ടിൽ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പർ നിവർത്തി പിടിച്ച് ടീം വ്യൂവർ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു.  ചെവിക്കകത്ത് വെച്ച കുഞ്ഞൻ ബ്ലൂട്ടൂത്ത് ഇയർഫോൺ വഴി അയാൾ  പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങൾ മുഖത്ത് ഭാവ വത്യാസമില്ലാതെ പ്രതികൾ  പേപ്പറിൽ പകർത്തി. അങ്ങനെ 80 മാർക് ചോദ്യത്തിന് 70 ലധികം മാർക്കിന്റെ ശരിയുത്തരം സുനിൽ എഴുതിയിട്ടുണ്ട്. ഐപിസി 420, 406 എന്നീ വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും ക്രിമിനൽ വിശ്വാസ ലംഘനത്തിനുമാണ് പൊലീസ് കേസെടുത്തത്.  


vssc technician exam cheating thiruvananthapuram details
Previous Post Next Post

RECENT NEWS