മൊറോക്കോയിൽ വൻ ഭൂകമ്പം, മരണം 1037; പൈതൃക നഗരമായ മാരിക്കേഷ് തകർന്നടിഞ്ഞു



റബാത്ത് ∙ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 1037 കവിഞ്ഞു. എഴുന്നൂറോളം പേർക്ക് ഗുരുതരമായി പരുക്കേറ്റു.  വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറൻ പൗരാണിക നഗരമായ മാരിക്കേഷിൽ നിന്ന് 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 
പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജിതമാക്കി. റോഡുകളും പാലങ്ങളും തകർന്നതിനാൽ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടു. അൽ ഹൗസ്, ഔറസാസത്, അസിലാൽ, ചികാവു തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. തലസ്ഥാനമായ റബാത്ത് അടക്കമുള്ള നഗരങ്ങളിൽ ആളുകൾ ഭയചകിതരായി പുറത്തിറങ്ങി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്പെയിനിന്റെ തെക്കൻ മേഖല വരെ എത്തി. 

യുനെസ്കോ പൈതൃക നഗരമായി അംഗീകരിച്ച മാരിക്കേഷ് 12–ാം നൂറ്റാണ്ടിലെ ചരിത്രസ്മാരകങ്ങൾക്കു പേരുകേട്ടതാണ്. ഇവിടെ കനത്ത നാശമുണ്ടായി. 13 പേർ കൊല്ലപ്പെട്ടു. പല പുരാതന കെട്ടിടങ്ങളും നിലംപൊത്തി. ജമ അൽഫ്ന സ്ക്വയറിലെ മോസ്കിന്റെ മിനാരങ്ങൾ തകർന്നു. നാശത്തിൽ ദുഃഖം രേഖപ്പെടുത്തിയ ലോകരാജ്യങ്ങൾ സാമ്പത്തിക സഹായവും രക്ഷാപ്രവർത്തനത്തിനു സന്നദ്ധതയും അറിയിച്ചു. 


മൊറോക്കോയിലെ അഗാദിറിൽ 1960 ലുണ്ടായ ഭൂകമ്പത്തിൽ 12000 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയിൽ 50000 പേർ ഭൂകമ്പത്തിൽ മരിച്ചു. തുടർ ചലനങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കെട്ടിടങ്ങൾക്ക് പുറത്താണ് കഴിയുന്നത്.

Earthquake Hits Morocco; several deaths reported
Previous Post Next Post

RECENT NEWS