ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; തിരിച്ചറിയാം ഈ അപകടസൂചനകളെ...



ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന 'ക്ലാസിക്കല്‍ ഡെങ്കിപ്പനി', രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ 'ഡെങ്കി ഹെമറാജിക് ഫീവര്‍', രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന 'ഡെങ്കിഷോക് സിന്‍ഡ്രോം' എന്നിവയാണിവ. 
വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍.  ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍... 

ത്രീവമായ പനി, കടുത്ത തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, ശരീര വേദന, സന്ധികളിലും പേശികളിലും വേദന, വിട്ടുമാറാത്ത ക്ഷീണം, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, ഓക്കാനവും ഛർദിയും തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.



അപകടസൂചനകൾ... 

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.


warning symptoms of dengue fever you must know
Previous Post Next Post

RECENT NEWS