ടിക് ടോക് താരം മീശക്കാരൻ വിനീത് വീണ്ടും അറസ്റ്റിൽ, പുതിയ കേസ് കൊലപാതക ശ്രമം, സംഭവം ഇങ്ങനെ



തിരുവനന്തപുരം: ടിക് ടോക് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. ആറംഗ സംഘം പള്ളിക്കലിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മീശ വിനീത് അറസ്റ്റിലായത്. മടവൂർ കുറിച്ചിയിൽ സ്വദേശിയായ സമീർഖാന്റെ തലയാണ് മീശ വിനീതും സംഘവും കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ചായിരുന്നു സംഭവം. കൊലപാതക ശ്രമത്തിന് ശേഷം മീശ വിനീത് അടക്കമുള്ളവർ ഒളിവിൽ പോയിരുന്നു. എന്നാൽ ഇന്ന് വിനീതിനെ പള്ളിക്കൽ പൊലീസ് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 5 പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കൽ പൊലീസ് അറിയിച്ചു.
സംഭവം ഇങ്ങനെ

സമീർഖാന്റെ ഫോൺ ഉപയോഗിച്ച് സുഹൃത്ത് ജിത്തു എന്നയാൾ വിനീത് അടക്കമുള്ള ആറംഗ സംഘത്തിൽ ഉണ്ടായിരുന്ന പോങ്ങനാട് സ്വദ്ദേശിയായ റഫീഖിനോട് അസഭ്യം പറയുകയും വെല്ലു വിളിക്കുകയും ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ജിത്തു, റഫീഖിനോട് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇക്കാര്യങ്ങളൊന്നും സമീർ ഖാന് അറിയില്ലായിരുന്നു. വെല്ലുവിളിച്ചതിന് പിന്നാലെ റഫീഖും മീശക്കാരൻ വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം വരുന്നത് കണ്ട ജിത്തു , സമീർ ഖാൻ പോലും അറിയാതെ തന്ത്രപൂർവ്വം അവിടെ നിന്നും ഒഴിഞ്ഞു മാറിപ്പോയി.

കാര്യമറിയാതെ അവിടെത്തന്നെ നിന്ന സമീർ ഖാനോട് റഫീഖും മീശക്കാരൻ വിനീതും ജിത്തുവിനെ അന്വേഷിക്കുകയായിരുന്നു. റഫീക്കും വിനീതും ജിത്തുവിനെ അന്വേഷിച്ച് സമീർഖാനോട് തട്ടിക്കയറുന്ന സമയത്തിനിടയിൽ പ്രതികളുടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കമ്പി വടി ഉപയോഗിച്ച് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീർ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


സംഭവത്തിനുശേഷം ഒളിവിൽ പോയ മീശ വിനീത് അടക്കമുള്ള പ്രതികളെ പിടികൂടാനായി പള്ളിക്കൽ പൊലീസ് ഊർജ്ജിതമായി അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് ഇന്നാണ് മീശക്കാരൻ വിനീതിനെ പൊലീസ് പിടികൂടിയത്. ഈ കേസിൽ ഇനി അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കൽ പൊലീസ് അറിയിച്ചു.


Tik Tok star Meesha Vineeth has been arrested case
Previous Post Next Post

RECENT NEWS