തിരുവനന്തപുരം: തീരാശാപമായ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ ഉറച്ച് സർക്കാർ. ജൈവമാലിന്യം വീടുകളിലുൾപ്പെടെ ഉറവിടത്തിൽ സംസ്കരിക്കും. അജൈവമാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നത് നിർബന്ധമാക്കും. ജൈവമാലിന്യം അവിടെത്തന്നെ സംസ്കരിച്ച് കമ്പോസ്റ്റാക്കാൻ എല്ലാവീട്ടിലും കിച്ചൺ ബിൻ നൽകും. നവംബറിന് ശേഷം മാലിന്യം പൊതുസ്ഥലത്തും ജലാശയങ്ങളിലും തള്ളിയാൽ പിഴ ചുമത്തും.
അജൈവ മാലിന്യങ്ങൾ തരംതിരിക്കാൻ എല്ലാ വാർഡുകളിലും നവംബറിനകം ചെറു സംഭരണ കേന്ദ്രങ്ങൾ ഒരുക്കും. നഗരങ്ങളിലെ പ്രധാന റോഡുകളിൽ 500 മീറ്റർ ഇടവിട്ട് ബിന്നുകൾ വയ്ക്കും. അങ്കണവാടികൾ ഒഴികെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ബിന്നുകൾ വച്ച് സംഭരണം ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്ലാസ്റ്റിക്ക് ഉൾപ്പെടെ അജൈവമാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറണം. തദ്ദേശസ്ഥാപനം ശേഖരിക്കുന്ന അജൈവ മാലിന്യം അതതു ദിവസം സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ വാഹനസൗകര്യം ഉറപ്പാക്കും. ഇതിൽ വൃത്തിയുള്ളവ ക്ലീൻ കേരള കമ്പനി വഴി റീസൈക്കിളിംഗ് ഏജൻസികൾക്ക് വിൽക്കും. മറ്റുള്ളവ റോഡ് നിർമ്മാണത്തിന് ഉൾപ്പെടെ ഉപയോഗിക്കും.
കിച്ചൺ ബിന്നിൽ മികച്ച കമ്പോസ്റ്റ്
ബിന്നുകൾക്കായി പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനത്തെയോ ജനപ്രതിനിധിയെയോ സമീപിക്കാം
കിച്ചൺബിൻ പരിപാലനത്തിന് തദ്ദേശ ആരോഗ്യ വിഭാഗം ജീവനക്കാർ മാർഗനിർദ്ദേശം നൽകും
ഭക്ഷണാവശിഷ്ടം ഉൾപ്പെടെ ജൈവ മാലിന്യങ്ങൾ കിച്ചൺബിന്നിലൂടെ കമ്പോസ്റ്റാക്കി മാറ്റാം
ദിവസവും ജൈവമാലിന്യത്തൊടൊപ്പം ഇനോകുലവും ചേർത്താണ് ബിന്നിൽ ഇടേണ്ടത്
ചകിരിച്ചോറിൽ രാസവസ്തു ചേർത്ത മിശ്രിതമാണ് ഇനോകുലം. ഇത് തദ്ദേശസ്ഥാപനം കുറഞ്ഞവിലയ്ക്ക് തരും
കിച്ചൺ ബിൻ പ്രായോഗികമല്ലാത്ത ഫ്ലാറ്റുകളിലുൾപ്പെടെ ബയോഗ്യാസ് സംവിധാനം നിർബന്ധം
സംസ്കരണ സംവിധാനം ഒരുക്കാത്ത ഫ്ലാറ്റ് ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും
കല്യാണത്തിന് മാലിന്യ സംസ്കരണ ഫീസ്
നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടി, വിവാഹം എന്നിവ നടത്താൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക് മാലിന്യസംസ്‌കരണ ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാർട്ടിക്കും ബാധകമാണ്. ഫീസ് നിരക്ക് തദ്ദേശ സ്ഥാപനം തീരുമാനിക്കും. മൂന്ന് ദിവസം മുൻപ് പരിപാടിയുടെ വിവരം അറിയിക്കണം. തദ്ദേശ സ്ഥാപനം ചുമതലപ്പെടുത്തിയ ഏജൻസി മാലിന്യം ശേഖരിക്കും. ഇത് മാലിന്യസംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് കമ്പോസ്റ്റാക്കും.വലിയ മാലിന്യ ഉല്പാദകരുടെ നിയമലംഘനം പിടികൂടാൻ ഈമാസം പരിശോധന നടത്തും. ഓഡിറ്രോറിയങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിലാവും പരിശോധന. പന്നി ഫാമിന്റെ മറവിൽ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവർക്കെതിരെ നടപടി. മാലിന്യത്തിൽ നിന്നു സമ്പത്ത് എന്ന ആശയത്തിൽ സ്വകാര്യ പങ്കാളിത്തതോടെ വ്യവസായ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി. 1000 കോടിരൂപ ഒരുവർഷം സ്വരൂപിക്കലാണ് ലക്ഷ്യം.
മാലിന്യ സംസ്കരണത്തിന് മാർഗമില്ലെന്ന കാരണത്താൽ വലിച്ചെറിഞ്ഞ് പൊതുപ്രശ്നമുണ്ടാക്കാൻ ഇനി അനുവദിക്കില്ല.
- എം.ബി.രാജേഷ്, തദ്ദേശവകുപ്പ് മന്ത്രി
If a wedding or other event involving more than 100 people is to be held, the local authorities must be notified in advance; A special fee must also be paid