ഉപയോഗത്തിലുള്ള സീം നമ്പർ 'ആധാർ' തട്ടിപ്പിലൂടെ സ്വന്തമാക്കും, ശേഷം ലക്ഷങ്ങളുടെ വിൽപ്പന; തട്ടിപ്പിന് പിടിവീണുകല്‍പ്പറ്റ: അതിവിദഗ്ധമായി വ്യാജ ആധാര്‍ നിര്‍മിച്ച് ഫാന്‍സി നമ്പറിലുള്ള സിം കാര്‍ഡുകള്‍ കരസ്ഥമാക്കി മറിച്ചുവിറ്റ യുവാവിനെ വയനാട് സൈബര്‍ സെല്‍ പിടികൂടി. കണ്ണൂര്‍ സ്വദേശിയുടെ പേരില്‍ വ്യാജ ആധാര്‍ നിര്‍മിച്ച് ഇദ്ദേഹത്തിന്റെ പേരിലുള്ള ഫാന്‍സി സിം നമ്പര്‍ കരസ്ഥമാക്കി ലക്ഷങ്ങള്‍ വിലയിട്ട് മറിച്ചു വില്‍പ്പന നടത്തിയെന്ന കേസില്‍ കര്‍ണാടക ചിക്ക്ബെല്ലപ്പൂര്‍ സ്വദേശിയായ ഹാരിഷ് (27) ആണ് പിടിയിലായത്. കല്‍പ്പറ്റ ബി എസ് എന്‍ എല്‍ അധികൃതരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സിം കാര്‍ഡ് എടുക്കാന്‍ ആവശ്യമായ രേഖകളില്‍ കൃത്രിമം കാണിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് പ്രതിയുടെ ഫോട്ടോ ഇതില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് ഒറിജിനല്‍ എന്ന വ്യാജേന സമര്‍പ്പിച്ചാണ് കല്‍പ്പറ്റയിലെ ബി എസ് എന്‍ എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത്. പിന്നീട് ഈ സിം നമ്പര്‍ ജിയോ സര്‍വീസിലേക്ക് പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനായി വീണ്ടും മറ്റൊരു വ്യാജ ആധാര്‍ ഉണ്ടാക്കുകയായിരുന്നു. പോര്‍ട്ട് പ്രോസസ് സ്ഥിരീകരണത്തിനായി മലപ്പുറം സ്വദേശിയുടെ പേരിലാണ് മറ്റൊരു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചത്. മഞ്ചേരിയിലെ ജിയോ പോയിന്റില്‍ നിന്നും കണ്ണൂര്‍ സ്വദേശിയുടെ പേരിലുണ്ടായിരുന്ന നമ്പറില്‍ തന്നെയാണ് ജിയോ സിം എടുത്തത്. സ്വന്തം പേരിലുള്ള സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ബി എസ് എന്‍ എല്‍ ഓഫീസില്‍ ബന്ധപ്പെട്ടതോടെ അധികൃതര്‍ പരിശോധന തുടങ്ങുകയായിരുന്നു.

ബി എസ് എന്‍ എല്ലിന്റെ കല്‍പ്പറ്റ ഓഫിസിലേക്ക്  അന്വേഷണമെത്തിയതോടെ തട്ടിപ്പ് നടന്നതായി വ്യക്തമാകുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തവെ അനധികൃതമായി ഫാന്‍സി നമ്പറുകളിലുള്ള സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പ്രവൃത്തിക്കുന്നതായി മനസിലാക്കുകയും ഇത്തരം ഫാന്‍സി നമ്പറുകള്‍ വാങ്ങുന്നവരെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കുന്ന സിം കാര്‍ഡുകള്‍ ലക്ഷങ്ങള്‍ വിലയിട്ട് ഫാന്‍സി സിം മാര്‍ക്കറ്റില്‍ വില്‍ക്കുന്നതാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. സമാന രീതിയില്‍ മറ്റാരുടെയെങ്കിലും നമ്പറുകള്‍ പ്രതി തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ ഷജു ജോസഫ്, എ എസ് ഐ സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എ സലാം, ഷുക്കൂര്‍, സിവില്‍ പൊലീസ് ഓഫീസര്‍ റിജോ ഫെര്‍ണണ്ടസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേ സമയം വ്യാജ രേഖകള്‍ നിര്‍മിച്ച് ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡുകള്‍ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല പൊലീസ് മേധാവി പദം സിങ് വ്യക്തമാക്കി. സ്വന്തം പേരിലുള്ള സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ ഉടന്‍ തന്നെ സര്‍വീസ് പ്രോവൈഡര്‍മാരുമായി ബന്ധപ്പെടണമെന്നും തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ സൈബര്‍ ടോള്‍ ഫ്രീ നമ്പരായ 1930 ലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Aadhaar SIM card latest news Cyber Police arrested youth who created fake Aadhaar and sold SIM cards with fancy numbers
Previous Post Next Post

RECENT NEWS