അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം പിരിച്ചെടുത്തു 34 കോടി: ദ് റിയൽ കേരള സ്റ്റോറി



കോഴിക്കോട്∙ ഇതാ മറ്റൊരു കേരള സ്റ്റോറി. പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്ക് ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നു കേരളം. ഇനി മരണത്തിന് തൊട്ടരുകിൽനിന്നും അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചുവരും. പതിനെട്ടു വർഷമായി മകനെ കാത്തിരിക്കുന്ന എഴുപത്തിയഞ്ചുകാരിയായ മാതാവ് ഫാത്തിമയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറും.

നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു. 34 കോടി സമാഹരിച്ചതോടെ ധനശേഖരണം അവസാനിപ്പിക്കുകയാണെന്ന് ജനകീയ സമിതി അറിയിച്ചു.


ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായി എല്ലാവരും ഒറ്റക്കെട്ടോടെ നിന്നതാണ് ഇത്ര വേഗം ലക്ഷ്യത്തിലെത്താൻ സഹായിച്ചതെന്ന് ജനകീയസമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. സാമൂഹികമാധ്യമങ്ങളോടും ലോകത്തുള്ള മുഴുവൻ മലയാളികളോടും നന്ദി പറയുന്നുവെന്നും പറഞ്ഞു. ദയവായി ഇനി ആരും അക്കൗണ്ടുകളിലേക്ക് പണമയയ്ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടുച്ചേർത്തു. തുക എംബസിക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ശനിയാഴ്ച രാവിലെ പത്തിന് യോഗം ചേരും. റിയാദിലെ പ്രവാസി സമൂഹം 2006 മുതൽ ഈ ദൗത്യത്തോടൊപ്പമുണ്ടായിരുന്നെന്ന് അഷ്റഫ് വേങ്ങാട്ട് ചൂണ്ടിക്കാട്ടി. 31,93,46,568 രൂപയാണ് മൂന്നുമണി വരെ അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം സമാഹരിക്കുന്നതിനായി ആരംഭിച്ച അക്കൗണ്ടുകളിലേക്കും ആപ്പിലേക്കും എത്തിയത്. പണമായി നേരിട്ട് രണ്ടുകോടി അമ്പത്തി രണ്ട് ലക്ഷവും ലഭിച്ചു. ആകെ ലഭിച്ചത് 34,45,46,568 രൂപയാണ് ലഭിച്ചതെന്നും സമിതി അംഗങ്ങൾ അറിയിച്ചു. ബോബി ചെമ്മണ്ണൂർ യാചകയാത്രയിലൂടെ സമാഹരിച്ച ഒരു കോടി രൂപയും ഇതിൽ ഉൾപ്പെടും.  15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ  റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിെന്റ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.
അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ച് പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിൻറേ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരെ അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുറഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്തുവർഷം തടവും കോടതി വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. 

Malappuram money collection for Abdul Rahim release Saudi Arabia
Previous Post Next Post

RECENT NEWS